തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ പുതിയ മന്ത്രിമാരായി കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്സ് – എസ്), കെ. ബി. ഗണേഷ് കുമാർ (കേരള കോൺഗ്രസ്സ്- ബി) എന്നിവർ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഇടത് മുന്നണിയിലെ മുന്‍ ധാരണ പ്രകാരം മന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ച ഒഴിവിലാണ് ഇരുവരും മന്ത്രി സ്ഥാനത്ത് എത്തിയത്. അഹമ്മദ് ദേവര്‍ കോവില്‍ കൈകാര്യം ചെയ്തിരുന്ന തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് നല്‍കി.
കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പുകളും കെ. ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും നല്‍കി. കേരള കോണ്‍ഗ്രസ്സ് (ബി) സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിരുന്നു എങ്കിലും അത് നൽകിയിട്ടില്ല.
നിലവില്‍ സിനിമാ വകുപ്പ് സി. പി. എം. മന്ത്രി സജി ചെറിയാൻ കൈകാര്യം ചെയ്യുന്നു. പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്ന് വകുപ്പ് എടുത്ത് മുന്നണിയിലെ ഒരു ചെറിയ കക്ഷിക്ക് നല്‍കേണ്ടതില്ല എന്ന് പാർട്ടി സെക്രട്ടേറിയറ്റ് നിലപാട് എടുത്തു എന്നാണു റിപ്പോർട്ടുകൾ.