ബെംഗളൂരു : അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. യെ തകര്‍ക്കാന്‍ പ്രതിപക്ഷ വിശാല സഖ്യം ‘ഇന്ത്യൻ നാഷണല്‍ ഡെമോക്രാറ്റിക് ഇൻക്ലുസീവ് അലയൻസ് (I-N-D-I-A) രൂപീകരിച്ചു. ബെംഗളൂരുവില്‍ ചൊവ്വാഴ്ച ചേര്‍ന്ന 26 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് I-N-D-I-A എന്ന കൂട്ടായ്മ രൂപീകരിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളും ഈ പേരിനോട് യോജിച്ചു.
കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന യു. പി. എ. (യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്) യില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടികളും വിശാല സഖ്യത്തില്‍ അംഗങ്ങളാണ്. അതിനാൽ യു. പി. എ. എന്ന പേരിൽ നിന്നും മാറി I-N-D-I-A എന്ന പേര് കണ്ടെത്തിയത്.
കഴിഞ്ഞ മാസം 23 ന് പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗത്തിനു ശേഷമാണ് ജൂലായ് 18 ന് ബെംഗളൂരുവില്‍ യോഗം ചേര്‍ന്നത്. ഈ യോഗ ത്തിലേക്ക് എട്ടു പുതിയ പാര്‍ട്ടികള്‍ കൂടി വന്നു ചേര്‍ന്നിട്ടുണ്ട്. ഇത് വിശാല പ്രതിപക്ഷ സഖ്യത്തിന് മികച്ച നേട്ടമായി. സഖ്യത്തിന്‍റെ അടുത്ത യോഗം മുംബൈയില്‍ ചേരാനും ധാരണയായിട്ടുണ്ട്. മൂന്നാമത്തെ യോഗത്തില്‍ 11 അംഗ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്യും. Image Credit : Twitter, P T A, M. K. Stalin