
അബുദബി : റമദാനിൽ ദുർബ്ബല വിഭാഗങ്ങൾക്ക് സുസ്ഥിര ഭക്ഷണ വിതരണം ഉറപ്പാക്കാനുള്ള യു. എ. ഇ. യുടെ വൺ ബില്യൺ മീൽസ് പദ്ധതിക്ക് ഒരു കോടി ദിർഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ്’ കാമ്പയിന് പിന്തുണ ഏകിയാണ് ഒരു കോടി ദിർഹം സംഭാവന നല്‍കുന്നത്.
റമദാനിൽ സുസ്ഥിര ഭക്ഷണ വിതരണത്തിനായി എൻഡോവ്‌മെന്‍റ് ഫണ്ട് സ്ഥാപിക്കുക എന്ന ലക്ഷ്യ ത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേ റ്റീവ്സ് (എം.ബി.ആർ.ജി.ഐ.) ആരംഭിച്ച പദ്ധതിയിലൂടെ ലോകമെങ്ങുമുള്ള ദുർബ്ബല ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വരികയാണ്.
വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസ്സുകൾ, ചാരിറ്റികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്.
അടുത്ത അഞ്ചു വർഷത്തേക്കാണ് ഡോ. ഷംഷീർ ഒരു കോടി ദിർഹം ലഭ്യമാക്കുക. ലോകമെമ്പാടും എം. ബി. ആർ. ജി. ഐ. നടപ്പിലാക്കുന്ന ജീവ കാരുണ്യ, മാനുഷിക പദ്ധതികൾക്കായി സംഭാവന ഉപയോഗ പ്പെടുത്തും.
മാനുഷിക സഹായവും ആശ്വാസവും ആരോഗ്യ സംരക്ഷണവും രോഗ നിയന്ത്രണവും വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും എന്നീ മേഖലകളിലൂന്നിയാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രകൃതി ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും ഇരകള്‍ അട ക്കമുള്ള ദുർബ്ബല വിഭാഗ ങ്ങൾക്ക് പിന്തുണയേകി യു. എ. ഇ. നേതൃത്വം നൽകുന്ന ‘വൺ ബില്യൺ മീൽസ് എൻഡോവ് മെന്‍റ്’ കാമ്പയിന് പിന്തുണ നല്‍കുന്നതിൽ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീർ പറഞ്ഞു.
സഹായം ആവശ്യമുള്ളവർക്ക് ഐക്യ ദാർഢ്യവും പിന്തുണയും നൽകുന്ന യു. എ. ഇ. യുടെ പാരമ്പര്യ ത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിത്. പട്ടിണിക്ക് എതിരെ പോരാടുകയും അർഹരായവർക്ക് ആരോഗ്യ കരമായ ഭാവി വാഗ്ദാനം ചെയ്യുന്ന ഉദ്യമത്തെ പിന്തുണക്കുവാന്‍ പ്രതിജ്ഞാ ബദ്ധനാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തവണത്തെ വൺ ബില്യൺ മീൽസ് എൻഡോവ്‌മെന്‍റ് കാമ്പയിൻ കഴിഞ്ഞ വർഷത്തെ പദ്ധതിയുടെ തുടർച്ചയാണ്. 50 രാജ്യങ്ങളിലെ ദുർബ്ബല വിഭാഗങ്ങൾക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞ വർഷം ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കിയത്. ലോകം എമ്പാടുമുള്ള നിരാലംബർക്കും പോഷകാഹാര ക്കുറവുള്ളവർക്കും ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് മുൻ വർഷങ്ങളിലും ഡോ. ഷംഷീർ സജീവ പിന്തുണ നൽകിയിരുന്നു.