ഗോമൂത്രത്തിൽ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന 14 ഇനം ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട് എന്നും മനുഷ്യര്‍ ഗോമൂത്രം നേരിട്ടു കുടിക്കുക വഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നും പുതിയ പഠന റിപ്പോര്‍ട്ട്. ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-Indian Veterinary Research Institute – IVRI) നടത്തിയ പഠനത്തിലാണ് ഈ വിവരം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ. വി. ആർ. ഐ. യിലെ എപിഡെമിയോളജി വിഭാഗം മേധാവി ഭോജ് രാജ് സിംഗും മൂന്ന് പി. എച്ച്. ഡി. വിദ്യാർത്ഥികളും ഗവേഷണത്തിന് നേതൃത്വം നൽകി. ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നിന്നും മൂത്രത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച തിലാണ് 14 ഇനം ഹാനികരമായ ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇ-കോളി ഉൾപ്പെടെയുള്ള ബാക്റ്റീരിയകളാണ് ഗോ മൂത്രത്തിൽ കണ്ടെത്തിയത്.
2022 ജൂൺ മൂതൽ നവംബർ വരെയുള്ള 6 മാസ കാലയളവിലാണ് ഗവേഷണം നടത്തിയത്. മനുഷ്യരുടേയും എരുമയുടെയും മൂത്രവും ഗവേഷണത്തിന് ഉപയോഗിച്ചിരുന്നു.
ചിലതരം ബാക്റ്റീരിയകൾക്ക് എതിരെ എരുമയുടെ മൂത്രം ഫലപ്രദം ആണെന്നും ആരോഗ്യവാന്മാരായ വ്യക്തികളുടെ മൂത്രത്തിൽ രോഗകാരികളായ ബാക്റ്റീരിയകൾ കണ്ടെത്തി എന്നും പഠനത്തിൽ പറയുന്നു. റിസർച്ച്ഗേറ്റ് എന്ന ഓൺ ലൈൻ റിസർച്ച് വെബ് സൈറ്റ് പഠനം പ്രസിദ്ധീകരികുകയും ചെയ്തു.
ഗോമൂത്രം ആന്‍റി ബാക്റ്റീരിയൽ ആണെന്നുള്ള വാദങ്ങളെ തിരുത്തുന്നു എന്നതാണ് പുതിയ പഠന റിപ്പോര്‍ട്ട് മുന്നോട്ടു വെക്കുന്നത്. ഗോമൂത്രം മനുഷ്യന് ഉപയോഗിക്കുവാന്‍ ഒരു തരത്തിലും സാധിക്കില്ല എന്ന് ഭോജ് രാജ് സിംഗ് പറഞ്ഞു.
ശുദ്ധീകരിച്ച ഗോ മൂത്രത്തിൽ ഹാനികരമായ ബാക്റ്റീരിയകൾ ഇല്ല എന്ന് ചിലർ പറയാറുണ്ട്. അക്കാര്യത്തിൽ കൂടുതൽ ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.