തൃശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് വിനോദ സഞ്ചാര മേഖലക്ക് കുതിപ്പേകുന്നു. രണ്ടു ഘട്ടങ്ങളിലായി നാല് കോടി യോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തം നല്‍കിക്കൊണ്ട് ഫ്ലോട്ടിംഗ് ബ്രിഡ്ജും ഒരുങ്ങി. ഇനി വിനോദ സഞ്ചാരികൾക്ക് നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്‍റെ മനോഹാരിത ആസ്വദിക്കാം. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്.
ജില്ലയിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. വിശ്വ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർക്കും ഏറേ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്.
എം. എൽ. എ. ഫണ്ട് വിനിയോഗിച്ച് ബീച്ചിൽ സൗകര്യ വത്കരണ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബീച്ചില്‍ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി സെൽഫി പോയിന്‍റും എം. എൽ. എ. ഫണ്ട് വിനിയോ ഗിച്ച് സ്ഥാപിക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം, പ്രവേശന കവാടം എന്നിവ തയ്യാറാക്കി വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ്വ് നല്‍കാന്‍ ഒരുങ്ങുകയാണ് ചാവക്കാട് ബീച്ച്.
2016 ലാണ് ചാവക്കാട് ബീച്ചിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവർത്തനത്തിലൂടെ ബീച്ചിന്‍റെ മുഖച്ഛായ തന്നെ മാറി. ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 1. 46 കോടി രൂപയും മുൻ എം. എൽ. എ. കെ. വി. അബ്ദുൽ ഖാദറിന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 24 ലക്ഷം രൂപയും അനുവദിച്ചിരുന്നു. 2.50 കോടി രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട വികസന പദ്ധതികൾ നടപ്പാക്കിയത്.
കുട്ടികൾക്കു വേണ്ടിയുള്ള ചിൽഡ്രൻസ് പാർക്ക്, കുതിരി സവാരി, മഡ് റൈഡിംഗ്, സ്പീഡ് ബോട്ട് റൈഡിംഗ് തുടങ്ങിയവ ചാവക്കാട് ബീച്ചിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. വിനോദത്തോടൊപ്പം നിരവധി പേർക്ക് തൊഴില്‍ അവസരം കൂടി സൃഷ്ടിക്കാൻ ഇതു മൂലം കഴിഞ്ഞു. P R D & F B Page