ഗുരുവായൂര്‍ : പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാവിലെ മൂന്ന് മണി യ്ക്കായിരുന്നു അന്ത്യം. കുന്നംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി ശ്വാസ തടസ്സത്തെ ത്തുടര്‍ന്ന് ചികിത്സ യിലായിരുന്നു.
1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരി നടുത്തുള്ള കണ്ടാണി ശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണി ശ്ശേരി എക്സെല്‍സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലിമെന്‍ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 – 46 ല്‍ റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 – 68ല്‍ കോര്‍ ഒഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു.
‘തോറ്റങ്ങള്‍’ എന്ന നോവലിന് 1972ലും, ‘ശകുനം’ എന്ന കഥാ സമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ ‘തട്ടകം’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍. വി. പുരസ്കാരവും വയലാര്‍ പുരസ്കാരവും ‘തട്ടകം’ നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.
മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം കോവിലന് സമ്മാനിച്ചിരുന്നു.
മുട്ടത്തു വര്‍ക്കി പുരസ്‌കാരം (1995), ബഷീര്‍ പുരസ്‌കാരം (ഖത്തറിലെ പ്രവാസി എന്ന സംഘടന ഏര്‍പ്പെടുത്തിയത് – 1995), എ. പി. കുളക്കാട് പുരസ്‌കാരം (1997- തട്ടകം), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1997) എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തോറ്റങ്ങള്‍, ശകുനം, ഏ മൈനസ് ബി, ഏഴമെടങ്ങള്‍, താഴ്വരകള്‍, ഭരതന്‍, ഹിമാലയം, തേര്‍വാഴ്ചകള്‍, ഒരു കഷ്ണം അസ്ഥി, ഈ ജീവിതം അനാഥമാണ്, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, പിത്തം, തകര്‍ന്ന ഹൃദയങ്ങള്‍, ആദ്യത്തെ കഥകള്‍, ബോര്‍ഡ്ഔട്ട്, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍ സമൂഹം എന്നിവ കോവിലന്റെ പ്രശസ്തമായ കൃതികളാണ്.