അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെ സാധാരണക്കാരുടെ മനസ്സില്‍ കുടിയേറിയ അറ്റ്ലസ് രാമചന്ദ്രന്‍ (എം. എം. രാമചന്ദ്രന്‍) എന്ന കലാകാരന്‍ ഒട്ടേറെ പ്രതിഭകള്‍ക്ക് സ്ക്രീനിനു മുന്നിലും പിന്നിലും അവസരം നല്‍കിയ നിര്‍മ്മാതാവ് എന്നുള്ള കാര്യം പലര്‍ക്കും അറിവുള്ളതല്ല.
ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ ഏറെ കൗതുകത്തോടെ ഇന്നും കാണുന്ന വൈശാലി (1988) എന്ന സിനിമ അടക്കം നിരവധി കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയായ പ്രമുഖ പ്രവാസി സംരംഭകന്‍ എം. എം. രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് അന്തരിച്ചു.
സംവിധായകന്‍ ഭരതന്‍ ഒരുക്കിയ വൈശാലി, പിന്നീട് വാസ്തുഹാര (ജി. അരവിന്ദന്‍ -1991), ധനം (സിബി മലയില്‍ -1991), സുകൃതം (ഹരികുമാര്‍ – 1994) എന്നീ ചിത്രങ്ങള്‍ എം. എം. രാമചന്ദ്രന്‍ നിര്‍മ്മിച്ചു.
മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളായ ഇന്നലെ (പി. പത്മരാജന്‍-1990), കൗരവര്‍ (ജോഷി – 1992), വെങ്കലം (ഭരതന്‍ -1993), ചകോരം – (എം. എ. വേണു -1994) എന്നിവ യുടെ വിതരണക്കാരന്‍ ആയിരുന്നു.
നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ റോളുകളില്‍ നിന്നും സംവിധായകന്‍ എന്ന റോളിലും ഹോളിഡേയ്സ് (2010) എന്ന സിനിമയിലൂടെ അദ്ദേഹം എത്തി.
വലിപ്പച്ചെറുപ്പം ഇല്ലാതെ കലാകാരന്മാരെ പ്രോത്സാഹി പ്പിക്കുന്നതില്‍ അല്പം പോലും മടി കാണിക്കാത്ത അദ്ദേഹം, ഗള്‍ഫില്‍ ചിത്രീകരിച്ച എം. ജെ. എസ്. മീഡിയയുടെ ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു.
അറബിക്കഥ, ടു ഹരിഹർ നഗർ, മലബാർ വെഡ്ഡിംഗ് തുടങ്ങി ഗള്‍ഫിലും കേരളത്തിലും വെച്ച് ചിത്രീകരിച്ച നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് അഭിനേതാവ് എന്ന നിലയിലും അറ്റ്ലസ് രാമ ചന്ദ്രന്‍ തന്‍റെ സാന്നിദ്ധ്യം നില നിര്‍ത്തി. M. M. Ramachandran
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി.
- ആര്‍പ്പ് : ടെലി സിനിമ
- ‘ചിത്രങ്ങള്‍’ പ്രദര്‍ശനത്തിന്
- പ്രവാസ മയൂരം പുരസ്കാര നിശ
- അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു