
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസൽ രാമസ്വാമി ബാലാജി നിർവ്വഹിച്ചു. ഈദ് ആഘോഷങ്ങളുറ്റെ ഭാഗമായി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ കമ്മ്യൂണിറ്റി പോലീസ് പ്രതിനിധി ആയിഷ ഷിഹ മുഖ്യാതിഥി ആയിരുന്നു.
സെന്‍റര്‍ ആക്ടിംഗ് പ്രസിഡണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. കെ. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു. സുന്നി സെന്‍റർ ചെയർമാൻ ഡോ. അബ്ദുൾ റഹിമാൻ മൗലവി ഒളവട്ടൂർ ഈദ് സന്ദേശം നൽകി. സാംസ്കാരിക സംഘടന നേതൃത്വത്തിലുള്ള വി. പി. കൃഷ്ണകുമാർ, എം. യൂ. ഇർഷാദ്, യു. അബ്ദുള്ള ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഭാരതി നത്വാനി, കൾച്ചറൽ സെക്രട്ടറി അഷ്‌റഫ് നജാത്ത് തുടങ്ങിയവര്‍ ഈദ് ആശംസകൾ നേർന്നു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന അബ്ദുൽ ജമാലിന് സെന്‍റർ ഉപഹാരം നൽകി ആദരിച്ചു. ഗായകരായ അഷറഫ് പയ്യന്നൂര്‍, ആദിൽ അത്തു എന്നിവരുടെ നേതൃത്വത്തിൽ ഈദ് ഇശൽ കലാ വിരുന്നും അരങ്ങേറി.


























