എറണാകുളം : നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി ഹൈക്കോടതി പോലീസിനു നല്‍കി. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരായ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.
അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ പോലീസിനു ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രതീഷ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങളുടെ വ്യക്തതയ്ക്ക് പ്രതീഷിന്റെ മൊഴി അനിവാര്യമാണെന്ന് പോലീസ് പറഞ്ഞത് കോടതി ശരിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പോലീസ് തീരുമാനിച്ചത്.