ഉമ്മുൽ ഖുവൈൻ : മഹാൻമാരെ വെറുതെ വാക്കുകളിൽ അനുസ്മരിക്കലല്ല മറിച്ച് അവരുടെ ജീവിതം പൂർണ്ണമായി സ്വയം പകർത്തുകയും ഏവർക്കും പകർന്നു കൊടുക്കുകയും ചെയ്യേണ്ടതാണ് എന്ന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. സുൽത്വാനിയ ഫൗണ്ടേഷൻ യു. എ. ഇ. ഘടകം ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ശൈഖ് സുൽത്വാൻ ശാഹ് ഖാദിരി അനുസ്മരണ സംഗമം ‘ഉർസെ സുൽത്വാൻ’ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമുക്ക് വേണ്ടത് ദഅവത്താണ്. ഓരോ നിമിഷവും അല്ലാഹുവിനു വേണ്ടി, അല്ലാഹുവിലായി ജീവിക്കാൻ തയ്യാറാകണം. സുൽത്വാൻ ശാഹ് ഖാദിരിയും ശൈഖ് അഹ്മദുൽ കബീരി രിഫാഇയും അടക്കമുള്ള മഹാ രഥന്മാർ ജീവിച്ചു – യാത്രയായി കാണിച്ചു തന്നതും എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും മറ്റുള്ളവർക്ക് പ്രചോദനമാകും വിധം പറഞ്ഞു കൊടുക്കുക.
അങ്ങനെ അവർ മരണമില്ലാതെ എക്കാലത്തും ജീവിച്ചു കൊണ്ടേയിരിക്കട്ടെ. ഓരോ ഉർസുകളുടേയും ലക്ഷ്യം ഇതായിരിക്കണം. എപ്പോഴും ഉണർന്നു പ്രവർത്തിച്ചു കൊണ്ടിരിക്കണം എന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് ഉൽബോധിപ്പിച്ചു.
സയ്യിദ് മുസ്ഥഫ അൽ ഐദറൂസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുനാസ്വിർ മഹ്ബൂബി, നബീൽ മഹ്ബൂബി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.