ന്യൂഡല്‍ഹി : ഇറ്റാലിയൻ നാവികർക്ക് എതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് നല്‍കുവാനുള്ള നഷ്ട പരിഹാര തുക പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറണം. ഇത് വിതരണം ചെയ്യുവാന്‍ ഒരു ജഡ്ജിയെ നിയോഗിക്കണം എന്നും സുപ്രീം കോടതി.
2012 ഫെബ്രുവരി 15 ന് 2 മലയാളി മത്സ്യ ത്തൊഴിലാളി കളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ചു കൊന്നു എന്നുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ട് ഉടമക്കും കൈ മാറുവാന്‍ കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.
ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജസ്റ്റിന്‍, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളി കളുടെ കുടുംബങ്ങള്‍ക്ക് 4 കോടി രൂപ വീതവും 2 കോടി രൂപ ബോട്ട് ഉടമക്കും നല്‍കണം.
കേസിലെ പ്രതികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുവാൻ ഇറ്റാലിയൻ ഗവണ്മെണ്ടിനു സുപ്രീം കോടതി നിർദ്ദേശം നൽകി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.