
അബുദാബി : ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യു. എ. ഇ. യുടെ ആരോഗ്യ മേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യ പരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു.
ബുർജീൽ ഹോൾഡിംഗ്‌സിന് കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യ ങ്ങളോടെ ‘കെ-ഹെൽത്ത്’ കൊറിയൻ പവലിയൻ പ്രവർത്തനം ആരംഭിച്ചു.

യു. എ. ഇ. വ്യവസായ-നൂതന സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, മറ്റു പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന കൊറിയൻ പവലിയൻ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെയും ശ്രദ്ധേയമായി.
കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
സങ്കീർണ്ണമായ ശസ്ത്ര ക്രിയകൾ, പുനരധിവാസ ചികിത്സകൾ എന്നിവക്കായി ദക്ഷിണ കൊറിയ യിലേക്ക് രോഗികൾ യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്.
‘വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധി മുട്ടുകളും സമയ നഷ്ടവും നീക്കുക യാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും’ എന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
ഓർത്തോ പീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്ത ചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടി ഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.
കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, വൈദഗ്ദ്യം നേടിയ കൊറിയൻ ഡോക്ടർമാർ അബുദാബിയിൽ എത്തി ശസ്ത്ര ക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.


























