
അബുദാബി : ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിട്ട് യു. എ. ഇ. രൂപീകരിച്ച മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടന ക്ക് തുടക്കമായി.
അന്തരിച്ച രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ചരമ വാർഷിക ദിനമായ റമദാൻ 19 നു ആചരിച്ചു വരുന്ന സായിദ് മാനവ സ്‌നേഹ ദിന ത്തോട് അനുബന്ധിച്ച് ആയിരുന്നു മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം. ആഗോള കാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞ വർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക.
ആരോഗ്യത്തിലും സമഗ്ര വികസനത്തിലും സുസ്ഥിരമായ ശ്രമങ്ങൾ മുന്നോട്ട് കൊണ്ട് പോവുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. വ്യക്തികളെയും സമൂഹങ്ങളെയും ശാക്തീകരിക്കുന്ന നൂതന പരിഹാരങ്ങൾക്കായി പ്രവർത്തിക്കും.



























