അബുദാബി : വിമാന സര്‍വ്വീസുകള്‍ പലതും നിര്‍ത്തല്‍ ചെയ്തു യാത്രക്കാരെ ആശങ്കയില്‍ ആക്കുന്ന ഗോ ഫസ്റ്റ് എയര്‍ ലൈന്‍ നടപടി പ്രതിഷേധാര്‍ഹം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം എന്നും കെ. എം. സി. സി. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സര്‍വ്വീസ് റദ്ദ് ചെയ്യുന്നതായി അറിയിക്കുന്നതു കാരണം പ്രവാസികള്‍ക്ക് കടുത്ത മാനസിക പ്രയാസവും വലിയ സാമ്പത്തിക ബാദ്ധ്യതയും വരുത്തി വെക്കുന്നു. നേരെത്തെ തന്നെ ഗോ ഫസ്റ്റ് എയര്‍ ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു കമ്പനിയുടെ ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയില്‍ അധികം പണം നല്‍കേണ്ടതായ അവസ്ഥയാണ്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു കൊണ്ട് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗള്‍ഫ് നാടുകളിലേക്കുള്ള സര്‍വ്വീസ് റദ്ദാക്കി. വരും ദിവസ ങ്ങളിലും ഇത് തുടരും എന്നു തന്നെയാണ് പ്രവാസി സമൂഹം ആശങ്കപ്പെടുന്നത്.
അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിത പൂര്‍ണ്ണമായിമാറും. അതു കൊണ്ടു തന്നെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര – കേരള സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണം എന്നും വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വ്വീസ് നടത്തുവാന്‍ ഉടന്‍ അനുമതി നല്‍കണം എന്നും വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണം. പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം എന്നും അബുദാബി സംസ്ഥാന കെ. എം. സി. സി. ആവശ്യപ്പെട്ടു. Image Credit : Twitter