തിരുവനന്തപുരം : വിവാദങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി. ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പു വെച്ചത്. നിയമന കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന പറഞ്ഞു.
ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപി മാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ നിയമിക്കുന്നതിൽ സർക്കാറിനു താൽപ്പര്യമില്ലാത്തതിനാൽ വിജിലൻസ് ഡയറക്ടർ പദവി അസ്താനയിലെത്താൻ കാരണമായി.