തിരുവനന്തപുരം : 99.69 വിജയ ശതമാനവുമായി എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇതില്‍ 4,25,563 വിദ്യാര്‍ത്ഥികളാണ് ഉപരി പഠന ത്തിന് യോഗ്യത നേടിയത്.
71,831 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ പ്ലസ് നേടിയിട്ടുള്ളത്. 892 സര്‍ക്കാര്‍ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ വിദ്യാഭ്യാസ ജില്ല പാല (100%). കൂടുതല്‍ വിജയികള്‍ കോട്ടയത്തും (99.92 %) വിജയ ശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം (99.08 %) എന്നിങ്ങനെയാണ്.
സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. ടി. എച്ച്. എസ്. എൽ. സി., എ. എച്ച്. എസ്. എൽ. സി. ഫലങ്ങളും പുറത്ത് വന്നു. 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
അടുത്ത വർഷം മുതൽ എസ്. എസ്. എൽ. സി. പരീക്ഷാ രീതിയിൽ മാറ്റം വരുത്തും എന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. എഴുത്തു പരീക്ഷയിൽ പേപ്പർ മിനിമം ഏർപ്പെടുത്തും.
എല്ലാ വിഷയത്തിലും മിനിമം മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കുകയുള്ളൂ. 40 മാർക്ക് ലഭിക്കേണ്ട വിഷയത്തിൽ 12 മാർക്ക് മിനിമം വേണം. 80 മാർക്കിൻ്റ വിഷയത്തിൽ 24 മാർക്ക് ആയിരിക്കും മിനിമം. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും എന്നും എസ്. എസ്. എൽ. സി. ഫല പ്രഖ്യാപനം നടത്തി ക്കൊണ്ട് മന്ത്രി കൂട്ടിച്ചേര്‍ത്തു.
- Image Credit : Gen Education Dept & Press Meet