തൃശൂർ : സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ അധികൃതർ ഉഷ്ണ തരംഗ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അന്തരീക്ഷ താപ നില കുതിച്ചുയര്‍ന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കുക.
സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാദ്ധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം. സംസ്ഥാനത്ത് വേനൽ മഴ തുടരും. തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി വേനൽ മഴ ലഭിച്ചു.
തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ വേനൽ മഴ ലഭിച്ചേക്കും.
വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവർക്കായി മൃഗസംരക്ഷണ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പാലക്കാട് ഉയർന്ന താപനില 41°C വരെയും തൃശൂരിൽ 40°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38°C വരെയും തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും വർദ്ധിക്കും.
സാധാരണയെക്കാൾ 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാദ്ധ്യത. പാലക്കാട് ഇന്നലെ ഉയർന്ന താപനില 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ ആയിരുന്നു. തൃശൂർ, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപ നില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരുന്നു.
കള്ളക്കടൽ പ്രതിഭാസം കാരണം കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാദ്ധ്യത ഉള്ളതിനാൽ മത്സ്യ ത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.
PRD : ഉഷ്ണ തരംഗ മുന്നറിയിപ്പ്