ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല

August 4th, 2013

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തന്നെ വേണ്ടെന്നും താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്പര്യമില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി തന്നെ ഭരിച്ചോട്ടെ എന്നും ഉപമുഖ്യന്ത്രിസ്ഥാനമോ ആഭ്യന്തര വകുപ്പോ ഇല്ലാതെ ഉപാധികളോടെ മന്ത്രി സഭയുടെ ഭാഗമാകുവാന്‍ താന്‍ ഇല്ലെന്നും രമേശ്തുറന്നടിച്ചു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാലുവട്ടം മന്ത്രിസഭാപ്രവേശന ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ നാണം കെടുകയും ചെയ്ത നിലപാടിനെതിരെ രമേശ് ചെന്നിത്തലയുടെ രോഷപ്രകടനം.

പാര്‍ട്ടിയും ഗവണ്‍‌മെന്റും ഒരുമിച്ച് പോകും എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി മന്ത്രിസഭാപ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകല്‍ ഉയര്‍ന്നുവരികയും ദില്ലിയില്‍ പോകുകയും എന്നാല്‍ മാന്യമായ ഒരു സ്ഥാനം നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതില്‍ ഐ ഗ്രൂപ്പ് നിരാശയിലാണ്. ഇതിന്റെ പ്രതിഫലനം രമേശിന്റെ ഉള്‍പ്പെടെ ഉള്ള നേതാക്കന്മാരുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നുമുണ്ട്. പരസ്യ പ്രസ്ഥാവനകള്‍ക്ക് ഹൈക്കമാന്റിന്റെ വിലക്കുണ്ട് എന്നിരിക്കെ ആണ് ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശിന്റെ തുറന്നു പറച്ചില്‍.

ദില്ലി ചര്‍ച്ചകള്‍ ഫലം കാണാതെ തിരിച്ചു വന്നതിനു തൊട്ടു പുറകെ മന്ത്രിസഭയില്‍ മാന്യമായ ഒരു സ്ഥാനം നല്‍കി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തണമെന്ന് കെ.എം.മാണിയും മുസ്ലിം ലീഗും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ലീഗ് വിട്ടുവീഴ്ചയ്ക്ക് ഇനിയും തയ്യാറായിട്ടില്ല എന്നാണ് സൂചന. ആഭ്യന്തരം ഒഴിഞ്ഞു കൊടുക്കുവാന്‍ തിരുവഞ്ചൂരും തയ്യാറായിട്ടില്ല. ധനകാര്യ വകുപ്പ് മാണിഗ്രൂപ്പ് കുത്തകയാക്കി വച്ചിരിക്കുന്നതുമാണ്. പ്രധാന വകുപ്പുകള്‍ ഒന്നും ഇല്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ഉമ്മന്‍ ചാണ്ടിക്ക് എന്നെ വേണ്ട: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?

August 3rd, 2013

കൊച്ചി: രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ കൊണ്ടുവന്ന് സോളാ‍ര്‍ തട്ടിപ്പിന്റെ പേരില്‍ ഉണ്ടാ‍യ നാണക്കേട് മാറ്റിയെടുക്കുവാന്‍ ഉള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പാളി എന്ന് മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും വിലയിരുത്തുന്നു.ഹൈക്കമാന്റിനെ കൊണ്ട് നിര്‍ബന്ധിച്ച് ചെറിയ വകുപ്പ് നല്‍കി രമേശിനെ പേരിനൊരു മന്ത്രിസ്ഥാനം നല്‍കി ഇരുത്താം എന്ന അടവ് ഫലിച്ചില്ല എന്നതാണ് ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അതല്ല മറിച്ച് ഉമ്മന്‍ ചാണ്ടി വിജയിച്ചിരിക്കുകയ്‍ാണ് എന്ന് ഒരു ചെറുവിഭാഗം വിശ്വസിക്കുന്നു. ഉപമുഖ്യമന്ത്രിയായി ആഭ്യന്ത വകുപ്പും നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഇരുത്തുക എന്നത് ഗ്രൂപ്പ് പോരില്‍ മുന്നേറുന്ന കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയേ ഉള്ളൂ. ആഭ്യന്തര വകുപ്പ് ലഭിച്ചാല്‍ അതുവച്ച് സോളാര്‍ കേസ് ഉള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കെതിരെ നേരിട്ട് ഉപയോഗിക്കാന്‍ ഉള്ള അവസരം ഐ ഗ്രൂപ്പിനു ലഭിക്കും. സമവായം എന്ന നിലയില്‍ കെ.പി.സി.സി പ്രസിഡണ്ടായി ജി.കാര്‍ത്തികേയനേയോ വി.എം സുധീരനേയോ നിയോഗിക്കുകയും ഒപ്പം ആഭ്യന്തര വകുപ്പ് പോകുന്ന സാഹചര്യം വരികയും ചെയ്താല്‍ അത് എ ഗ്രൂപ്പിനു വലിയ ക്ഷീണം ഉണ്ടാക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെ സംബന്ധിച്ച് സോളാര്‍ തട്ടിപ്പില്‍ തന്റെ വിശ്വസ്ഥരില്‍ ചിലര്‍ക്ക് പങ്കുണ്ടെന്നും തന്റെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഇടപാടുകള്‍ നടത്തി എന്ന ആരോപണവുമാണ് തലവേദന സൃഷ്ടിച്ചിരുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ ഉന്നതരുമായുള്ള ബന്ധത്തെ പറ്റി 24 പേജുള്ള പരാതിയില്‍ പറഞ്ഞിരിക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നതും ബുദ്ധുമുട്ടുണ്ടാക്കി. എന്നാല്‍ കോടതിയില്‍ സരിത എസ്.നായര്‍ എഴുതി നല്‍കിയ 4പേജുള്ള പരാതിയില്‍ ഒരു പ്രമുഖന്റെ പേരു പോലും ഉള്‍പ്പെട്ടില്ല. മാത്രമല്ല സര്‍ക്കാറിനു ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. അതൊടെ ഉമ്മന്‍ ചാണ്ടിക്ക് പിടിവള്ളി കിട്ടി.

ഉപമുഖ്യമന്ത്രി പദം നല്‍കുവാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാ‍ണെന്നും എന്നാല്‍ ഘടക കക്ഷികള്‍ അതിനു സന്നദ്ദമല്ലെന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ “പ്രത്യക്ഷപ്പെട്ട” തോടെ ഉമ്മന്‍ ചാണ്ടിക്ക് രമേശിന്റെ ഉപമുഖ്യമന്ത്രിസ്ഥാനക്കാര്യത്തില്‍ വന്ന തടസ്സത്തിന്റെ പാപം ചുമക്കേണ്ടിയും വന്നില്ല. ദില്ലി ചര്‍ച്ചകളില്‍ പതിവു പോലെ രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചോ വകുപ്പ് സംബന്ധിച്ചോ തീരുമാനം ആയുമില്ല. ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഉപമുഖ്യമന്ത്രിസ്ഥാനമോ ആഭ്യന്തരമോ ലഭിക്കില്ലെന്നും ഒപ്പം കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം നഷ്ടമായേക്കുമെന്നും രമേശ് ചെന്നിത്തലക്ക് ബോധ്യമാകുകയും ചെയ്തു. ഇതിന്റെ ഫലമായി നാലാം വട്ടവും അപമാനിതനായി രമേശ് ചെന്നിത്തലയ്ക്ക് ദില്ലിയില്‍ നിന്നും മടങ്ങേണ്ട സാഹചര്യവും വന്നു.ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്ന് രമേശ് ചെന്നിത്തലയ്ക്ക് പരസ്യമായി പ്രഖ്യാപിച്ചു. ലോക്‍സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരും എന്ന് ഹൈക്കമാന്റ് പറഞ്ഞതായി എ ഗ്രൂപ്പ് നേതാക്കളും വ്യക്തമാക്കി.

ഇതോടെ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനമോ ഉപമുഖ്യമന്ത്രിസ്ഥാനമോ നല്‍കേണ്ടതില്ല എന്നത് ഉറപ്പാക്കുകയും ഒപ്പം സോളാര്‍ വിഷയത്തില്‍ നിന്നും മ്‍ാധ്യമ ശ്രദ്ധ ഗ്രൂപ്പ് പോരിലേക്ക് മാറ്റിയെടുക്കുന്നതിലും വിജയം കണ്ടു. ഗ്രൂപ്പ് തിരിഞ്ഞ് പ്രസ്ഥാവനകള്‍ ഇറക്കി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യം നേതാക്കന്മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പി.സി.ജോര്‍ജ്ജും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. റംസാനും തുടര്‍ന്ന് ഓണവും കൂടെ വരുന്നതോടെ മാധ്യമങ്ങളില്‍ നിന്നും സോളാര്‍ വിഷയം പെട്ടെന്ന് അപ്രത്യക്ഷമാകും എന്ന കാര്യത്തില്‍ സംശയമില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ല; വിജയിച്ചത് ഉമ്മന്‍‌ചാണ്ടിയുടെ രാഷ്ടീയ തന്ത്രം?

സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

July 30th, 2013

കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാ‍സ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.

ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സോളാര്‍ വിവാദം സിനിമയാക്കാന്‍ രണ്‍ജിപണിക്കര്‍ ഇല്ല

“ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

July 30th, 2013

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സരിത എസ് നാ‍യര്‍ക്ക് കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍ ഉന്നതരായ രാഷ്ടീയ നേതാക്കന്മാര്‍ തുടങ്ങിയവരുമായീ ബന്ധമുണ്ടെന്നും അത് അവര്‍ മജിസ്ട്രേറ്റിനു നല്‍കുന്ന പരാതിയില്‍ വെളിപ്പെടുത്തുമെന്നും ഉള്ള വാര്‍ത്തകള്‍ക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വന്‍ പ്രാധാന്യമാണ് ലഭിച്ചിരുന്നത്. ഈ പരാതി പുറത്ത് വന്നാല്‍ പല ഉന്നതരുടേയും രാഷ്ടീയവും സ്വകാര്യവുമായ ജീവിതത്തെ വലിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തപ്പെട്ടു. കേരള രാഷ്ടീയത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വെളിപ്പെറ്റുത്തല്‍ നടത്തും എന്ന വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ പരാതി പുറത്ത് വന്നു. ഇത് കേരളത്തിലെ പല ഉന്നത രാഷ്ടീയ നേതാക്കന്മാര്‍ക്കും ശുഭവാര്‍ത്തയാണ്. മജിസ്ട്രേറ്റിനു എഴുതി നല്‍കിയ 4 പേജുള്ള പരാതിയില്‍ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഒരു ഉന്നതന്റെ പേരും അതില്‍ പരാമര്‍ശിച്ചിട്ടില്ല. നേരത്തെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന 24 പേജുള്ള പരാതിയില്‍ പല ഉന്നതരുടേയും പേരുകള്‍ ഉണ്ടെന്ന് അവരുടെ അഭിഭാഷകനായ ഫെനിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി വിലക്കുള്ളതിനാലാണ് താന്‍ അതിലെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എസ്.എന്‍.ഡി.പി യോഗം പ്രസിഡണ്ട് വെള്ളാപ്പള്ളി നടേശന്‍ ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞെന്ന് പറഞ്ഞ് ആലപ്പുഴയില്‍ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ഗുരുതരമായ ആ‍രോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയോട് താന്‍ മന്ത്രിയുടെ പേരു പറഞ്ഞിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി. സരിത നല്‍കിയ 24 പേജുള്ള പരാതി തന്റെ കക്ഷിയുടെ ആവശ്യം പരിഗണിച്ച് നശിപ്പിച്ചതായി ഇന്നലെ രാത്രി അഡ്വ. ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശുഭവാര്‍ത്ത കേള്‍ക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ഥം ഉന്നതരുടെ പേരില്ലാത്ത ലിസ്റ്റിനെ പറ്റിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ലാത്തത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സരിതയെ മാപ്പു സാക്ഷിയാക്കി കേസില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ഗൂഢാലോചന നടക്കുന്നതായും അവര്‍ പറഞ്ഞു. പുതിയ സംഭവ വികാസങ്ങള്‍ സര്‍ക്കാറിനു ജനങ്ങള്‍ക്കിടയില്‍ ചീത്തപ്പേരുണ്ടാക്കുമെന്ന് പറഞ്ഞ് പി.സി.ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on “ശുഭവാര്‍ത്ത“ വന്നു; സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരില്ല

ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

July 26th, 2013

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലെ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കര്‍ണ്ണാടക സര്‍ക്കാര് ഹൈക്കോടതിയില്‍‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദികളുമായി മദനിക്ക് ബന്ധമുണ്ടെന്നും മദനി 57 കേസുകളില്‍ പ്രതിയാണെന്നും ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ കഴിയുന്ന മറ്റു പ്രതികളുമായി ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കും. അദ്ദേഹത്തിനു കാഴ്ചപ്രശ്നം ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും മദനി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കര്‍ണ്ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മദനിയുടെ നിര്‍ദ്ദേശാനുസരണം ഒട്ടേറെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായുള്ള അബ്ദുള്‍ ജബ്ബാര്‍ എന്ന പ്രതിയുടെ കുറ്റസമ്മതമുണ്ടെന്നും എറണാകുളത്തെ വാടക വീട്ടിലും മറ്റും ചിലയിടങ്ങളിലും വച്ച് സ്ഫോടനം നടത്തുവാന്‍ ഗൂഢാലോചന നടത്തിയതില്‍ മദനി പങ്കെടുത്തതായി സാക്ഷിമൊഴികള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് മദനിയുടെ അഭിഭാഷകന്‍ പറഞ്ഞു. മദനിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുവാന്‍ കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണെന്നും പുതിയ സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടി പ്രതീക്ഷിച്ചില്ലെന്നും മദനി വ്യക്തമാക്കി. 2010 ആഗസ്റ്റ് 17 നാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ കര്‍ണ്ണാകടക പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 31 ആം പ്രതിയാണ് മദനി.

നേരത്തെ കര്‍ണ്ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ആയതിനാലാണ് മദനിയ്ക്ക് ജാമ്യം ലഭിക്കാത്തതെന്ന പ്രചാരണം ശക്തമായിരുന്നു. കേരളത്തിലെ വിവിധ രാഷ്ടീയകക്ഷികള്‍ മദനിയ്ക്ക് മാനുഷിക പരിഗണന നല്‍കണമെന്ന് പുതുതായി അധികാരമേറ്റ കോണ്‍ഗ്രസ്സ് സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നിട്ടും സ്ഫോടനക്കേസില്‍ പ്രതിയായ മദനിയ്ക്കെതിരെ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on ബാംഗ്ലൂര്‍ സ്ഫോടനക്കേസ്: അബ്ദുള്‍ നാസര്‍ മദനിയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍

Page 112 of 113« First...102030...109110111112113

« Previous Page« Previous « ശൈഖ് സായിദ് അനുസ്മരണവും ചിത്ര പ്രദര്‍ശനവും ഇസ്ലാമിക് സെന്ററില്‍
Next »Next Page » കത്രീന കൈഫ് ബിക്കിനിയണിഞ്ഞ് രണ്‍ബീറുമൊത്ത് ഉല്ലസിക്കുന്ന ചിത്രങ്ങള്‍ പുറത്ത് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha