കൊച്ചി : പതിനൊന്നാമത് ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം പ്രശസ്ത കവി കുഴൂർ വിത്സന്. 2020 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദിലെ നവീന കലാ സാംസ്കാരിക കേന്ദ്രമാണ് (N S K K) 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.
50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞി രാമൻ രൂപ കൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങ ളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി. രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി. എസ്. മീനാക്ഷി, കരുണാകരൻ, പി. എഫ്. മാത്യൂസ് എന്നിവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ.
വിവിധ ഭാഷകളിലായി 20 കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൺ.
സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്കാരം, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം, എൻ. എം. വിയോത്ത് സ്മാരക അവാർഡ് എന്നീ പുരസ്കാരങ്ങൾ കുഴൂർ വിത്സനെ തേടിയെത്തി.