സേലം : തമിഴ് നാട്ടില്‍ ഷവർമ നിരോധിക്കുന്നത് സർക്കാറിന്‍റെ പരിഗണനയില്‍ എന്ന് ആരോഗ്യ വകുപ്പു മന്ത്രി എം. സുബ്രമണ്യം. ഞായറാഴ്ച സംഘടിപ്പിച്ച കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മെഗാ ക്യാമ്പു കളുടെ ഔദ്യോഗിക തല ഉദ്ഘാടനം നിർവ്വഹിച്ചതിനു ശേഷം സേലത്ത് വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ആരാഗ്യ വകുപ്പു മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കേരളത്തിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു.വിദേശ രാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടങ്ങളിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ കേടു വരാറില്ല.എന്നാല്‍ നമ്മുടെ രാജ്യത്ത് കൂടുതൽ സമയം ഇവ കേടു കൂടാതെ സൂക്ഷിക്കാനും കഴിയില്ല.
ഇത്തരം ഭക്ഷണങ്ങള്‍ അധികവും യുവ ജനങ്ങളാണ് കഴിക്കുന്നത്. കുറഞ്ഞ കാലത്തിനിടെ നിരവധി ഷവർമ വിൽപന കേന്ദ്രങ്ങള്‍ തുറന്നു. തമിഴ് നാട്ടിൽ രണ്ടു ദിവസത്തിനിടെ ആയിരത്തില്‍ അധികം ഷവർമ കടകളിൽ റെയ്ഡ് നടത്തുകയും ഭക്ഷ്യ യോഗ്യമല്ലാത്തവ കണ്ടെത്തിയതിനാല്‍ കുറ്റക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.
കേടുവന്ന കോഴിയിറച്ചി മിക്ക കടകളിലും കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഷവർമക്ക് നിരോധനം ഏർപ്പെടുത്തുവാന്‍ ആലോചിക്കുന്നത്.തദ്ദേശീയമായ ഭക്ഷണം പ്രോല്‍സാഹിപ്പിക്കണം എന്നും അതു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നും മന്ത്രി പറഞ്ഞു.