കൊച്ചി : സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടു. ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്.
സിനിമാ രംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. വ്യക്തികളെ മനസ്സിലാവും വിധത്തിലുള്ള വിവരങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടാണ് ഇത് പുറത്ത് വിട്ടത്.
ഷൂട്ടിംഗ് സെറ്റുകളിൽ മദ്യം, ലഹരി മരുന്നുകൾ എന്നിവ കർശ്ശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമ്മാതാവ് സുരക്ഷിതമായ താമസ – യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം.
ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണം എന്നും കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണ്. വ്യാപക ലൈംഗിക ചൂഷണമാണ് സിനിമാ രംഗത്ത് നടക്കുന്നത്. പ്രമുഖരായ പല നടന്മാർക്കും ചൂഷണ ത്തിൽ പങ്കുണ്ട്.
മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. അവസരം ലഭിക്കാൻ വിട്ടു വീഴ്ചക്ക് തയാറാവണം. വഴിവിട്ട രീതിയിൽ സഹകരിക്കുന്ന വനിതാ അഭിനേതാക്കളെ ‘കോപ്പറേറ്റിങ് ആർട്ടിസ്റ്റ്’ എന്ന് പേരിട്ട് വിളിക്കാറുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മലയാള സിനിമയിലെ പുരുഷന്‍മാരായ എല്ലാ സിനിമാ പ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. മാന്യമായും മര്യാദയോടും സ്ത്രീകളോട് പെരുമാറുന്ന ഒരുപാട് സിനിമാ പ്രവര്‍ത്തകരുണ്ട്.
അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വം അനുഭവിക്കുന്നു. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരും ഉണ്ട്.
തന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉത്തര വാദിത്വത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെ ക്കുറിച്ചും സംവിധായകനെ ക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.
കലയോടുള്ള ആഭിമുഖ്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് കടന്നു വരുന്നത് എന്നുള്ള കാര്യം ഈ മേഖല യിലെ ചില പുരുഷൻമാർ കരുതുന്നില്ല. പകരം പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് സ്ത്രീകൾ വരുന്നത് എന്നത് കൊണ്ട് ഒരു അവസരം കിട്ടുവാൻ ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടും എന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.
ഒരു പെണ്‍കുട്ടി ചൂഷണത്തെ എതിർക്കുന്ന ആളാണ് എങ്കിൽ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം. അതിനാൽ കലയോട് ആഭിമുഖ്യം ഉള്ളവർ ആണെങ്കിൽ പോലും ചൂഷണം നിശബ്ദമായി സഹിക്കുന്നു.
മലയാള സിനിമയെ നിയന്ത്രിക്കുവാൻ പവർ ഗ്രൂപ്പ് ഉണ്ട്. അവർക്ക് എതിരെ സംസാരിക്കാൻ ആർട്ടിസ്റ്റുകൾക്ക് ഭയമാണ് എന്നും റിപ്പോർട്ടിൽ ചൂണ്ടി ക്കാണിക്കുന്നു. പരാതിപ്പെട്ടാൽ ‘അഡ്ജസ്റ്റ്’ ചെയ്യണം എന്നും പുറത്താരും അറിയരുത് എന്നും പറയും.
അങ്ങനെ എന്തെങ്കിലും അനുഭവം പുറത്തു പറഞ്ഞാൽ സിനിമയിൽ പിന്നീട് അവസരം ലഭിക്കില്ല എന്നും സ്ത്രീകൾ ഭയക്കുന്നു എന്നും ഒരു മുതിർന്ന നടിയുടെ മൊഴിയുണ്ട്. 51 പേരാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയത്.
ഹൈക്കോടതി മുൻ ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ. എ. എസ്. ഉദ്യോഗസ്ഥ കെ. ബി. വത്സല കുമാരി എന്നിവരുടെ മൂന്നംഗ സമിതിയാണ് ഈ കമ്മിറ്റിയിൽ.