അബുദാബി : കൊവിഡ് വ്യാപനം തടയുവാൻ അധികാരികൾ സ്വീകരിച്ച പ്രതിരോധ നടപടികളെ ക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുത് എന്നും രാജ്യത്തെ നിയമങ്ങൾ ലംഘിക്കരുത് എന്നും യു. എ. ഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അൽ ഹൊസൻ ആപ്പിൽ നിന്നുള്ള കൊവിഡ് രോഗി കളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ യിൽ അടുത്തിടെ പ്രചരിച്ചിരുന്നു. സർക്കാരിന്‍റെ കൊവിഡ് മുൻകരുതൽ നടപടികളെ പരിഹസിക്കുന്ന കമന്‍റുകളും പാട്ടുകളും ചേർത്ത് പകർച്ച വ്യാധിയെ നേരിടു വാന്‍ ഉള്ള ദേശീയ ശ്രമങ്ങളെ ഇതില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. നിയമപ്രകാരം ശിക്ഷാർഹമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിൽക്കുവാന്‍ അഭ്യർത്ഥിക്കുന്നു എന്ന് പ്രോസിക്യൂഷൻ വിഭാഗം പത്ര പ്രസ്താവനയിൽ അറിയിച്ചു.
അത്തരം നടപടികൾ കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ 2021ലെ ഫെഡറൽ ഉത്തരവ്, നിയമ നമ്പർ 34 പ്രകാരം ശിക്ഷാർഹം ആണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ പൊതു ജനങ്ങള്‍ ഉത്തരവാദിത്വ ത്തോടെ പ്രവര്‍ത്തിച്ച് മുൻ കരുതൽ നടപടികൾ സ്വീകരിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം ആണ് എന്നുള്ള കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തി ക്കൊണ്ട്, മഹാ മാരിയെ തളച്ചിടാന്‍ രാജ്യത്തിന്‍റെ അനുബന്ധ ശ്രമങ്ങളെ പിന്തുണക്കണം എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളോട് പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.