ദില്ലി: ഇന്ത്യ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം. രാജ്യം നേരിയ തോതിൽ സാമ്പത്തിക മാന്ദ്യത്തിലെന്ന് ധനമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റതിൻ റോയ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് നൽകിയത്.
മാർച്ച മാസത്തിലെ റിപ്പോർട്ടിലാണ് രാജ്യം ചെറിയ തോതിൽ സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ധനമന്ത്രാലയം സമ്മതിക്കുന്നത്. ഉപോഭോഗവും കയറ്റുമതിയും കുറയുന്നതും സ്ഥിരനിക്ഷേപത്തിലുണ്ടായ കുറവും ഇതിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് രതിൻ റോയ് നല്‍കുന്നത്.
കയറ്റുമതിയുടെ അടിസ്ഥാനത്തിൽ അല്ല മറിച്ച് 10 കോടി ജനങ്ങളുടെ വാങ്ങൽ ശേഷിയിലാണ് സാമ്പത്തിക വളര്‍ച്ച. അതിനാൽ ഇന്ത്യയ്ക്ക് ചൈനയോ ദക്ഷിണ കൊറിയയോ ആകാനാവില്ല. പകരം ബ്രസിലിനെയും ദക്ഷിണാഫ്രിക്കയെയും പോലും ഇടത്തരം വരുമാനം മാത്രമുള്ള രാജ്യമാകും. രാജ്യത്തെ ഒരു കൂട്ടര്‍ എന്നും ദാരിദ്ര്യത്തിൽ തന്നെയാകും. ഇടത്തരം വരുമാനക്കുടുക്കിൽ പെടുന്ന ഒരു രാജ്യത്തിന് അതിൽ നിന്ന് പുറത്തു കടക്കാനാവില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് നല്‍കുന്നു.