അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന മലപ്പുറം ഫെസ്റ്റ് ‘മഹിതം മലപ്പുറം’ എന്ന പേരില്‍ ജൂൺ 17, 18 ശനി, ഞായര്‍ ദിവസങ്ങളില്‍ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ അരങ്ങേറും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും ഊഷ്മളമായ പാരമ്പര്യങ്ങളും സമ്പന്നമായ കലാ കായിക സാഹിത്യ സാംസ്കാരിക പൈതൃകവും മലപ്പുറത്തിന്‍റെ തനതായ രുചി വൈവിധ്യങ്ങളും അനുഭവിച്ചറിയാനുമുള്ള വേദിയായിരിക്കും ‘മഹിതം മലപ്പുറം’ എന്ന് സംഘാടകര്‍ പറഞ്ഞു. പ്രവേശനം സൗജന്യം ആയിരിക്കും.
2023 ജൂൺ 17 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയും ജൂൺ 18 ഞായറാഴ്ച രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെയും നടക്കുന്ന മലപ്പുറം ഫെസ്റ്റില്‍ പ്രശസ്ത കലാകാരൻ മധുലാൽ കൊയിലാണ്ടിയുടെ കലാ പ്രകടനവും അബുദാബി യിലെ കലാ കൂട്ടായ്മകളുടെ വേറിട്ട പ്രകടനങ്ങളും രണ്ടു ദിവസങ്ങളിലുമായി അരങ്ങേറും.
ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന വിവിധ സ്റ്റാളുകളില്‍ നാടിന്‍റെ തനതു രുചികളില്‍ ഭക്ഷണ പലഹാര പാനീയങ്ങള്‍ ലഭ്യമാകും.
അബുദാബി സംസ്ഥാന കെ. എം. സി. സി.ക്കു കീഴിലുള്ള ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയാണ് മലപ്പുറം ജില്ലാ കെ. എം. സി. സി. പതിനാറ് മണ്ഡലം കമ്മറ്റികളിൽ നിന്നായി പതിനായിരത്തോളം അംഗങ്ങൾ അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. ക്ക് കീഴിൽ ഉണ്ട്. അതു കൊണ്ട് തന്നെ ഒരു പ്രവാസി സംഘടനാ അബുദാബിയിൽ നടത്തുന്ന ഏറ്റവും വലിയ ഉത്സവം ആയിരിക്കും മഹിതം മലപ്പുറം എന്ന മലപ്പുറം ഫെസ്റ്റ്.
അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കൽ, മഹിതം മലപ്പുറം ഉപദേശക സമിതി അംഗം ടി. കെ. അബ്ദുൽ സലാം, മലപ്പുറം ജില്ലാ കെ. എം. സി. സി. നേതാക്കളായ അസീസ് കാളിയാടൻ, കെ. കെ. ഹംസ ക്കോയ, അഷ്‌റഫ് അലി പുതുക്കുടി, നൗഷാദ് തൃപ്രങ്ങോട്, മഹിതം മലപ്പുറം മുഖ്യ പ്രായോജകരായ ബുർജീൽ ഹോൾഡിംഗ്സ് പ്രതിനിധി ഡോക്ടർ. നവീൻ ഹൂദ് അലി, സഹ പ്രായോജക പ്രതിനിധി മുഹമ്മദ് ശരീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.