അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.
പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.
കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.