നിഷാമിനെതിരെ കാപ്പ ചുമത്താനാകില്ല

February 19th, 2015

kerala-police-epathram

തൃശ്ശൂര്‍: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തലക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി കിംഗ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമം ചുമത്തുവാന്‍ ആകില്ല. ആറു വര്‍ഷത്തിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം കൂടാതെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും അവരെ കാറില്‍ ഇട്ട് പൂട്ടിയതിനുമടക്കം നിഷാമിനെതിരെ പതിനഞ്ചിലധികം കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. അവയില്‍ പലതും ഒതുക്കുകയോ കോടതി മുഖാന്തിരം പിന്‍‌വലിക്കുകയോ ചെയ്തു. തനിക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കുവാനായി നിസാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും കാര്യമായ എതിര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് സൂചനയുണ്ട്. ഇതേ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഉള്ള കേസുകള്‍ പിന്‍‌വലിക്കപ്പെട്ടു. ഉന്നത ബന്ധങ്ങള്‍ ഉള്ളതായി പറയപ്പെടുന്ന ഇയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ആരോപണം ഉണ്ട്. അടുത്തിടെ കൊച്ചിയില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ ഇയാളുടെ ഫ്ലാറ്റില്‍ നിന്നും സിനിമാതാരം ഉള്‍പ്പെടെ ഉള്ളവര്‍ പിടിയിലായിരുന്നു.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുവാനുള്ള നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് പ്രിവന്‍ഷനല്‍ ആക്ട്. കുറ്റപത്രം സമര്‍പ്പിച്ച മൂന്ന് കേസുകളില്‍ പ്രതിയാകണം കാപ്പ ചുമത്തണമെങ്കില്‍. മുന്‍‌കാല കേസുകള്‍ പലതും ഒത്തുതീര്‍പ്പാക്കിയതോടെ ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ മാത്രമേ നിലവിലുള്ളൂ. ഇതില്‍ ഒരു കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുവാനുള്ള പോലീസ് നീക്കത്തിനു തിരിച്ചടിയാകും.

നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ ഉത്തര മേഖല എ. ഡി. ജി. പി. ശങ്കര്‍ റെഡ്ഡിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിലവില്‍ കേസിന്റെ അന്വേഷണ ചുമതല തൃശ്ശൂര്‍ കമ്മീഷ്ണര്‍ നിശാന്തിനിക്കാണ്.

നിഷാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാളുടെ മരണ മൊഴി രേഖപ്പെടുത്തുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ചന്ദ്രബോസ് സംസാരിച്ചിരുന്നു എന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പേരാമംഗലം സി. ഐ. ബിജു കുമാറിനെതിരെ ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. ചന്ദ്രബോസിനെ ആക്രമിച്ച കേസില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നിഷാമിപ്പോള്‍ ജയിലിലാണ്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on നിഷാമിനെതിരെ കാപ്പ ചുമത്താനാകില്ല

ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍

February 14th, 2015

ആലപ്പുഴ: ആലപ്പുഴയില്‍ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ നാലു സ്ത്രീകള്‍ അറസ്റ്റിലായി. സ്മിത, രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വേണുഗോപാല്‍ കഴിഞ്ഞ മാസം 29 ന് ആണ് കൊലചെയ്യപ്പെട്ടത്. കൊട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ്കൊ ലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രാഥമിക നിഗമനം.

അന്വേഷണം പുരോഗമിച്ചതോടെയാണ് കൊലയ്ക്ക് പിന്നില്‍ പെണ്‍പകയുണ്ടെന്ന് തിരിച്ചറിഞ്ഞത്. അറസ്റ്റിലായ സ്മിതയുടെ ഭര്‍ത്താവ് ചന്ദ്രലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു പുതുവേലിച്ചിറ ഐ.ടി.സി. കോളണിയിലെ വേണുഗോപാല്‍. ഭര്‍ത്താവിനെ കൊന്നവരോട് പ്രതികാരം ചെയ്യുംമെന്ന് ശവസംസ്കാര ചടങ്ങില്‍ സ്മിത പറഞ്ഞിരുന്നു. തുടര്‍ന്ന് സ്മിതയും ചന്ദ്രലാലിന്റെ സഹോദരിമാരായ രജനി, ഗിരിജ, ഗിരിജയുടെ മകള്‍ ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്ന് കൊലപാതകത്തിനു ഗൂഢാലോചന നടത്തി. തുടര്‍ന്ന് കൊല്ലപ്പെട്ട ചന്ദ്രലാലിന്റെ ഉറ്റ സുഹൃത്ത് വഴി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി. മൊബൈല്‍ ഫോണിന്റെ വിശദാശങ്ങള്‍ പരിശോധിച്ച് പിടിക്കപ്പെടാതിരിക്കുവാന്‍ വ്യാജ പേരില്‍ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ഇവരുടെ നീക്കങ്ങള്‍.

വേണുഗോപാലിന്റെ വീടിനടുത്ത് താമസിച്ചിരുന്ന രജനി,ഗിരിജ എന്നിവര്‍ കൊട്ടേഷന്‍ സംഘത്തിനു വിവരങ്ങള്‍ നല്‍കി. അതനുസരിച്ച് പുലര്‍ച്ചെ വീട്ടു മുറ്റത്ത് നില്‍ക്കുകയായിരുന്ന വേണുഗോപാലിനെ ബൈക്കില്‍ എത്തിയ കൊട്ടേഷന്‍ സംഘം അതിക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ കഴുത്ത് ഏറെക്കുറെ അറ്റ നിലയില്‍ ആയിരുന്നു. കൊലപാതകത്തില്‍ നാലംഗ വനിതാ സംഘത്തിനു സഹായം ചെയ്തവരില്‍ രണ്ടു പേരൊഴികെ മറ്റുള്ളവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാലു സ്ത്രീകള്‍ അറസ്റ്റില്‍

സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

February 2nd, 2015

satellite-dish-tv-receiver-epathram
അബുദാബി : താമസ ക്കാരുടെയും കെട്ടിട ങ്ങളുടെ യും സുരക്ഷിതത്വ ത്തിന് ഭീഷണിയും നഗര ഭംഗിക്ക് കോട്ടവും ഉണ്ടാക്കുന്ന സാറ്റലൈറ്റ് ഡിഷു കള്‍ ഉടന്‍ നീക്കം ചെയ്യണം എന്ന് അബുദാബി നഗര സഭ യുടെ മുന്നറിയിപ്പ് വീണ്ടും.

അബുദാബി യിലെ വില്ല കളിലും ബഹു നില കെട്ടിട ങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസു കള്‍ വിതരണം ചെയ്തു കഴിഞ്ഞു.

കെട്ടിട ങ്ങളുടെ ഭിത്തി കളിലും ബാല്‍ക്കണി കളിലും ജനാല കളിലും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കരുത്. പൊതു ജന ങ്ങള്‍ക്ക് കാണുന്ന വിധ ത്തില്‍ കേബിളുകള്‍ തൂങ്ങി ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

prohibited-satellite-dish-in-abudhabi-ePathramനിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.

ഫ്ളാറ്റു കളുടെയും വില്ല കളുടെയും മുകള്‍ വശത്ത് നാല് സാറ്റ ലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

municipality-warning-removal-of-satellite-dishes-ePathram

മുന്‍ വര്‍ഷങ്ങളിലും ഈ വിഷയ ത്തില്‍ നഗരസഭ ബോധ വത്കരണം നടത്തിയിരുന്നു. മാത്രമല്ല അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടുകയും നിയമ ലംഘ കര്‍ക്ക് വന്‍ തുക ഫൈന്‍ അടിക്കുകയും ചെയ്തിരുന്നു.

ഡിഷുകള്‍ സ്ക്രൂ ചെയ്തു ഉറപ്പിക്കുമ്പോള്‍ മേല്‍ക്കൂര യിലെ വാട്ടര്‍ പ്രൂഫിംഗ് സംവിധാനം തകരാറില്‍ ആവുകയും ഇത് വഴി ഏറ്റവും മുകള്‍ നില യില്‍ ചോര്‍ച്ച പോലുള്ള പ്രശ്ന ങ്ങള്‍ക്ക് സാധ്യത യുണ്ട് എന്നും അധികൃതര്‍ പറയുന്നു.

കൂടാതെ പല കെട്ടിട ങ്ങളുടെ മുകളില്‍ നിന്നും ഭിത്തി കളുടെ വശ ത്തേക്ക് ഡിഷ്‌ ആന്റിനയുടെ കാബിളുകളും വൈദ്യുതി ലൈനുകളും അപകടകര മായ വിധ ത്തില്‍ താഴ്ന്നു കിടക്കു ന്നുണ്ട്.

അത്യാഹിത ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഭിത്തി കളിലും ജനാല കളിലും ഡിഷുകള്‍ സ്ഥാപി ക്കുന്നത് ഏറെ അപകടകര മാണ് എന്നതും ഇത് പറിഞ്ഞു താഴെ വീഴുന്നത് ജീവഹാനിക്ക് വരെ കാരണവും ആയേക്കാം എന്നതിനാലും ഇനിയുള്ള നാളുകളില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടി എടുത്തേക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

Comments Off on പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

January 14th, 2015

തൃശ്ശൂര്‍: മാവോ വാദികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും സംസ്ഥാനത്തെ മാവോവാദി വേട്ട അവസാനിപ്പിക്കണമെനും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ആദിവാസികള്‍ക്കു വേണ്ടി കൊള്ളപ്പലിശക്കാര്‍ക്ക് എതിരെയാണ് അവര്‍
നിലകൊള്ളുന്നത്. നീതിക്കു വേണ്ടിയാണ് മാവോ വാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാവോവാദി സാന്നിധ്യം കാരണം വയനാട് അടക്കം ഉള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ജോലി ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

മാവോവാദികള്‍ സംസ്ഥാനത്ത് ആരെയും വെടിവെച്ച് കൊന്നിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് പണം തട്ടിയെടുക്കുവാന്‍ കഴിയുന്ന തരത്തില്‍ കോടികളുടെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന നാണം കെട്ട രീതിയോട് യോജിക്കാന്‍ കഴിയില്ല. പത്തോ ഇരുപതോ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ആയുധം സംഭരിക്കുന്നതിനല്ല പണം ചിലവിടേണ്ടതെന്നും ആശയപരമായ ചര്‍ച്ചകളിലൂടെ അവരെ തീവ്രവാദത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ആകണം സര്‍ക്കാര്‍ പണം ഉപയോഗിക്കേണ്ടതെന്നും ജോര്‍ജ്ജ് പറഞ്ഞു.

അക്രമം നടത്തുന്ന മാവോവാദികളെ സര്‍ക്കാര്‍ നേരിടുമെന്നും പി.സി.ജോര്‍ജ്ജ് ആദ്യം അക്രമം നടത്തുന്ന മാവോവാദികളെ ഉപദേശിക്കട്ടെ എന്നും മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അക്രമം അവസാനിപ്പിച്ചാല്‍ മാവോവാദി വേട്ടയും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തെ തള്ളിക്കളഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on മാവോവാദി വേട്ട അവസാനിപ്പിക്കണം: പി.സി.ജോര്‍ജ്ജ്

Page 30 of 72« First...1020...2829303132...405060...Last »

« Previous Page« Previous « സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മല്‍സരം
Next »Next Page » കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha