അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം 2023 മെയ് 20 ശനിയാഴ്ച രാത്രി എട്ടു മണിക്ക് ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിക്കും.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതു യോഗത്തില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്ത്, പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ഗഫൂർ ലില്ലീസ് തുടങ്ങിയവർ പങ്കെടുക്കും.
ഇതോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും എന്നും പരിപാടികളെ കുറിച്ച് വിശദീകരിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
കെ. എസ്. സി. യുവജനോത്സവം മേയ് 26, 27, 28, ജൂൺ 3 തീയ്യതികളില്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പു കളായി നടക്കുന്ന മല്‍സരങ്ങളില്‍ ഓരോ ഗ്രൂപ്പിലും കൂടുതൽ പോയിന്‍റ് നേടുന്നവർക്ക് ബെസ്റ്റ് പെർഫോമർ ഓഫ് ദ് ഇയർ പുരസ്കാരം സമ്മാനിക്കും. 20 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ യു. എ. ഇ. താമസ വിസയുള്ള ഇന്ത്യക്കാർക്ക് പങ്കെടുക്കാം.
വിവിധ സ്കൂളുകളിൽ നിന്നുള്ള 500 ലേറെ വിദ്യാർത്ഥി കൾ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കും. താത്പര്യമുള്ളവർ മെയ് 21 ന് രാത്രി ഒൻപതു മണിക്ക് മുൻപ് കെ. എസ്. സി. ഓഫീസിൽ നേരിട്ടോ info@ kscabudhabi.com എന്ന ഇ – മെയിൽ വിലാസത്തിലോ അപേക്ഷിക്കണം.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, മോണോ ആക്ട്, കർണാട്ടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, മാപ്പിളപ്പാട്ട്, ചലച്ചിത്ര ഗാനങ്ങൾ, നാടൻ പാട്ട്, ആക്‌ഷൻ സോംഗ്, ഉപകരണ സംഗീതം (സ്ട്രിംഗ് , മൃദംഗം, ഇലക്ട്രോണിക് കീ ബോർഡ്), പെൻസിൽ ഡ്രോയിംഗ്, തുടങ്ങിയവയാണ് മല്‍സര ഇനങ്ങള്‍.
കൂടുതൽ വിവരങ്ങൾക്ക് 055 770 1080, 050 490 5686 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി കെ. സത്യൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, ട്രഷറർ ഷബിൻ പ്രേമരാജൻ, കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ, സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് അലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.