അബുദാബി : ഇന്ത്യാ സോഷ്യൽ സെന്‍റര്‍ (ഐ. എസ്. സി.) ഒരുക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീസൺ–11, ഡിസംബർ 2, 3, 4 തീയ്യതി കളിലായി (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍) വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളോടെ നടക്കും.
യു. എ. ഇ. യുടെ 51ാം ദേശീയ ദിന ആഘോഷം പ്രമാണിച്ച് ഇന്തോ അറബ് സാംസ്കാരിക ഉല്‍സവം എന്ന നിലയില്‍ ആദ്യ ദിവസം പ്രത്യേക പരിപാടികളും അരങ്ങേറും. അറബിക് പരമ്പരാഗത നൃത്തത്തോടെ യാണ് ഒന്നാം ദിനം പരിപാടികൾക്ക് തുടക്കമാവുക എന്നു ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രണ്ടാം ദിവസം ഡിസംബർ 3 ശനിയാഴ്ച രാത്രി 8 മണിക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീനിവാസ്, ശരണ്യ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ അരങ്ങേറും.
ചെണ്ടമേളം, നൃത്ത നൃത്യങ്ങള്‍, സംഗീത മേളകള്‍ തുടങ്ങി 3 ദിവസങ്ങളിലും വിവിധ കലാ പരിപാടി കൾ. ഭക്ഷ്യ മേള, പുസ്തക മേള, വസ്ത്ര-ആഭരണ വിപണി, ട്രാവൽ -ടൂറിസം, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ സ്റ്റാളുകൾ ഉണ്ടാകും. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും ഒരുക്കും.
10 ദിർഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കെടുത്ത് മെഗാ വിജയിക്ക് അൽ മസഊദ് ആട്ടോ മൊബൈൽസ് നൽകുന്ന കോലിയോസ് റിനോ കാർ സമ്മാനിക്കും. കൂടാതെ 20 പേർക്ക് വിവിധ ആകർഷക സമ്മാന ങ്ങളും സമാപന ദിവസം നല്‍കും.
യു. എ. ഇ. യിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ എണ്ണായിരം വിദ്യാർത്ഥികൾക്ക് ഇന്ത്യാ ഫെസ്റ്റിന്‍റെ എൻട്രി ടിക്കറ്റ് സൗജന്യമായി നൽകും. വ്യാപാര പ്രദര്‍ശന പവലിയനുകൾ, പുസ്തക വില്‍പന ശാലകൾ, വിനോദ യാത്രാ സ്റ്റാളുകൾ, സൗന്ദര്യ വസ്തുക്കളുടെ വിപണിയും കളിക്കോപ്പ് വില്‍പന കേന്ദ്രങ്ങൾ അടക്കം 80 സ്റ്റോളു കളാണ് ഇത്തവണ ഇന്ത്യാ ഫെസ്റ്റിന് മാറ്റു കൂട്ടുക.
ആദ്യ രണ്ടു ദിവസങ്ങളിലും വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. മൂന്നാം ദിവസം രാത്രി പത്തു മണിയോടെ കലാ സാംസ്കാരിക പരിപാടികള്‍ അവസാനി ക്കുകയും തുടര്‍ന്ന് എന്‍ട്രി കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജൻ, വൈസ് പ്രസിഡണ്ട് സന്തോഷ് മൂർക്കോത്ത്, ജനറൽ സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ലിംസൻ കെ. ജേക്കബ്ബ്, മുഖ്യ പ്രായോജകരായ ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, അൽ മസഊദ് ആട്ടോ മൊബൈൽസ് അബുദാബി ജനറൽ മാനേജർ ജീൻ പിയറെ ഹോംസി, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ് ദിക്ഷ ജെറെല്ല എന്നിവർ സംബന്ധിച്ചു.