അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.
നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.
എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.