അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബുദാബി മാർത്തോമാ യുവജന സഖ്യം ‘ഓണ വസന്തം 2022’ എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ പരിപാടികളുടെ വൈവിധ്യം കൊണ്ടും അവതരണത്തിന്‍റെ മികവു കൊണ്ടും ശ്രദ്ധേയമായി. ഇടവക വികാരി റവ. ജിജു ജോസഫ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സഹ വികാരി റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.
യുവജന സഖ്യം ഗായക സംഘം ഓണപ്പാട്ടുകൾ പാടി. തിരുവാതിര, നാടൻ പാട്ടുകൾ, കുട്ടികൾ അവതരിപ്പിച്ച നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി.
മുസ്സഫ കമ്മ്യൂണിറ്റി സെന്‍ററിൽ ഒരുക്കിയ ഓണാഘോഷങ്ങളില്‍ വിഭവ സമൃദ്ധമായ ഓണ സദ്യയും നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഓണച്ചന്തയും അംഗങ്ങള്‍ക്കായി വടംവലി അടക്കം നിരവധി മല്‍സരങ്ങളും ഒരുക്കിയിരുന്നു.
സഖ്യം സെക്രട്ടറി സാംസൺ മത്തായി, പ്രോഗ്രാം കൺവീനർ പ്രവീൺ പാപ്പച്ചൻ, ഡെന്നി ജോർജ്, തോമസ് എൻ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. സഖ്യം വൈസ് പ്രസിഡണ്ട് ജിനു രാജൻ, വനിതാ സെക്രട്ടറി അനിത ടിനോ, ട്രഷറർ ജേക്കബ് വർഗ്ഗീസ്, കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ‘ഓണ വസന്തം’ പരിപാടികള്‍ക്ക് നേതൃത്വം നൽകി.