കൊച്ചി : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മന്‍ ചാണ്ടി (79) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.25 നാണ് അന്ത്യം.
അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയില്‍ ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ പുതുപ്പള്ളിയിൽ നടക്കും.
മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ മകൻ ചാണ്ടി ഉമ്മൻ ഫേയ്സ് ബുക്കിലൂടെ അറിയിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു ഉമ്മൻ ചാണ്ടി.
നിയമ സഭാംഗം ആയി 50 വർഷം പൂർത്തീകരിച്ച, ഏറ്റവും കൂടുതൽ ദിവസം നിയമ സഭാ സാമാജികന്‍ ആയിരുന്ന ബഹുമതി ഉമ്മന്‍ ചാണ്ടി കരസ്ഥമാക്കി.
2004 മുതല്‍ 2006 വരെയും പിന്നീട് 2011 മുതല്‍ 2016 വരെയും സംസ്ഥാന മുഖ്യ മന്ത്രിയായി.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രി സഭയിൽ ആഭ്യന്തര മന്ത്രി, 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി, 1982 ലെ നിയമ സഭാ കക്ഷി ഉപനേതാവ്. 1982 – 86 കാലത്ത് യു. ഡി. എഫ്. കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.
മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി ആയിരിക്കും. മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.