ചലച്ചിത്ര നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി (39) വാഹന അപകടത്തില്‍ മരിച്ചു. ജൂണ്‍ 5 തിങ്കളാഴ്ച പുലര്‍ച്ചെ നാലര മണിയോടെ ആയിരുന്നു അപകടം.
തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ച് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കാറില്‍ ഉണ്ടായിരുന്ന കലാകാരന്മാരായ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് അരൂര്‍ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ ഒരു സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം.
ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലെ നിറ സാന്നിദ്ധ്യം ആയിരുന്നു കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുട്ടനാടന്‍ മാര്‍പാപ്പ, ബിഗ് ബ്രദര്‍, കേശു ഈ വീടിന്‍റെ നാഥന്‍, എസ്‌കേപ്പ്, തീറ്റ റപ്പായി, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, വക തിരിവ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആന്‍ ഇന്‍റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ കൊല്ലം സുധി അഭിനയിച്ചു.