
അബുദാബി : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി അബുദാബി എമിറേറ്റില്‍ കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നു. ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബി യിലേക്കു വരുന്നവര്‍ അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം. കൊവിഡ് വാക്സിന്‍ എടുക്കാത്ത യാത്രക്കാര്‍ എങ്കില്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി. സി. ആര്‍. നെഗറ്റീവ് ഫലം ഹാജരാക്കണം.
പൊതുജന സുരക്ഷ ഉറപ്പു വരുത്തുക, പ്രതി ദിന കൊവിഡ് കേസുകളിലെ വർദ്ധന നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിലവില്‍ അബുദാബി അതിര്‍ത്തി കളില്‍ യാത്ര ക്കാര്‍ക്ക് ഇ. ഡി. ഇ. സ്‌കാനര്‍ പരിശോധന നടത്തി വരുന്നുണ്ട്.
തലസ്ഥാന എമിറേറ്റിലെ പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേക്കുള്ള പ്രവേശനം എന്നിവക്ക് ഗ്രീന്‍ പാസ്സ് നിര്‍ബ്ബന്ധം ആക്കിയിട്ടുണ്ട്. മാത്രമല്ല അബുദാബി യിലെ പൊതു പരിപാടി കളിൽ പങ്കെടുക്കുവാന്‍ ഗ്രീൻ പാസ്സും 48 മണിക്കൂറിന് ഉള്ളില്‍ എടുത്ത പി. സി. ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും മാനദണ്ഡമാക്കിയിട്ടുണ്ട്.
കുടുംബ കൂട്ടായ്മ കളുടെ ഒത്തു കൂടല്‍, വിവാഹ – മരണാനന്തര ചടങ്ങുകള്‍, പാർട്ടികൾ, പൊതു പരി പാടികൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 60 ശതമാനം ആക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.