അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി. യു. എ. ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതി ന്യായ കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാഷ്മി സാംസ്‌കാരിക സമന്വയ വർഷാചരണ ത്തിന്‍റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.
ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു. എ. ഇ. യുടെ സമഗ്ര വികസന ത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മുന്നോട്ടു വച്ചത് ഒരേ ആശയങ്ങളും ദർശനങ്ങളും ആണെന്നും ഇത് ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന ത്തിനും സമാധാനത്തിനും നിദാനമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥി ആയിരുന്നു. കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധി ആസിയ ദഹൂറി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഐ. എസ്. സി. വൈസ് പ്രസിഡണ്ട് രജി ഉലഹന്നാൻ, യു. അബ്ദുള്ള ഫറൂഖി, അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, എല്‍. എല്‍. എച്ച്. ഹോസ്പിറ്റൽ മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിറയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.
കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റര്‍ വനിതാ വിഭാഗം ജോയിന്‍റ് കൺവീനർ ചിത്ര ശ്രീവത്സൻ അവതാരകയായി.
പ്രശസ്ത ബംഗാളി ബാവുൾ നാടോടി ഗായികയും ഇന്ത്യയിലെ പ്രമുഖ ബാവുൾ സംഗീതജ്ഞരിൽ ഒരാളുമായ പാർവ്വതി ബാവുൾ അവതരിപ്പിച്ച ‘ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുൾസ്’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി.
ഇന്ത്യയിലെയും യു. എ. ഇ. യിലെയും വിവിധ തനത് കലാ രൂപങ്ങളെയും സംസ്കാരങ്ങളെയും മലയാളി പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്ന വിവിധ പരിപാടികൾ ഒരു വർഷക്കാലത്തെ സാംസ്‌കാരിക സമന്വയ വർഷാചരണത്തിന്‍റെ ഭാഗമായി കേരള സോഷ്യൽ സെന്‍ററിൽ തുടർ ദിവസങ്ങളിൽ നടക്കും.