ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ « e പത്രം – ePathram.com

മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

May 25th, 2015

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. വിപുലമായ പരിപടികളോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം
വാര്‍ഷികം ആഘോഷിക്കുന്നത്. ബി.ജെ.പിയുടെ താത്വിക ആചാര്യനായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദേശമായ ഉത്തര്‍ പ്രദേശിലെ മഥുരയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ ചടങ്ങിനു ക്ഷണിച്ചിട്ടില്ല.

ശുചിത്വ ഭാരതം, ജന്‍‌ധന്‍ യോജന, മെച്ചപ്പെട്ട വിദേശ ബന്ധങ്ങള്‍, കുറഞ്ഞ ചിലവില്‍ ഇന്‍ഷൂറന്‍സ്, വിദേശ നിക്ഷേപം ആകര്‍ഷിക്കുവാന്‍ ഉള്ള വിവിധ
പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാനമായും ബി.ജെ.പിയും സഖ്യകക്ഷികളും സര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ
തുടര്‍ച്ചയായുള്ള വിദേശ യാത്രകളും, വിലക്കയറ്റവും, ഇന്ധന വില വര്‍ദ്ധിക്കുന്നതും, ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വിവാദവ്യവസ്ഥകളുമെല്ലാം സര്‍ക്കാരിന്റെ
പ്രതിച്ഛായക്ക് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്. മോദി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് വന്‍ വികസന പദ്ധതികള്‍ നടപ്പിലാക്കും എന്ന് വ്യാപകമായ പ്രചാരണം
നടന്നിരുന്നു. ഈ പ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചു എന്നു വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നും കരുതുവാന്‍. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും
ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത വിധം കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍
അധികാരത്തിലേറിയതോടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കുകളായി മാറി. വിവാദങ്ങളും വാര്‍ത്തകളും സൃഷ്ടിക്കുന്നതിനപ്പുറം യാതൊരു വിധത്തിലുള്ളവികസന
പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടപ്പിലാക്കിയില്ല എന്നതാണ് യാദാര്‍ഥ്യം. കള്ളപ്പണം തിരികെ കൊണ്ടു വരുന്ന കാര്യത്തിലും, കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും, വിലക്കയറ്റം നിയന്ത്രിക്കുന്നതിലുമെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

May 11th, 2015

ബാംഗ്ലൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിതയ്ക്കെതിരായ തടവു ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. ബാംഗ്ല്ലൂരുവിലെ പ്രത്യേക കോടതിയുടെ വിധിക്കെതിരെ ജയലളിതയും കൂട്ടു പ്രതികളും നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടത് ജസ്റ്റിസ്റ്റ് സി.ആര്‍ കുമാരസ്വാമിയുടെ വിധി. ജയലളിതയ്ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമാണ് പ്രത്യേക കോടതി വിധിച്ചിരുന്നത്. ജയലളിതയുടെ ദത്ത് പുത്രന്‍ വി.എന്‍. സുധാകരന്‍, തോഴി ശശികല, ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റാദ്ദാക്കി.

ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെ ഉള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 സെപ്റ്റംബറിലാണ് ജയലളിതയും കൂട്ടാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ ശിക്ഷിച്ചുകൊണ്ട് പ്രത്യേക കോടതി വിധി വന്നത്. ഇതൊടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുകയും ചെയ്തു. വിധി പറയുന്നത് കേള്‍ക്കാന്‍ പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ജയലളിതയേയും കൂട്ടാളികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി പുറത്തു വന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കോടതിയിലും പരിസരത്തും ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

കുറ്റവിമുക്തയായ സാഹചര്യത്തില്‍ ജയലളിത മുഖ്യമന്ത്രിയായി മടങ്ങി വരും. സത്യപ്രതിഞ്ജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on ജയ കുറ്റവിമുക്തയായി; വീണ്ടും മുഖ്യമന്ത്രിയാകും

ബംഗാളില്‍ സി.പി.എമ്മിനു തിരിച്ചടി; തൃണമൂലിനു വന്‍ നേട്ടം

April 28th, 2015

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍‌ഗ്രസ് വന്‍ നേട്ടം കൈവരിച്ചു. 92 മുന്‍സിപാലിറ്റികളില്‍ 70 ഇടത്തും അവര്‍ വിജയിച്ചു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 144 വാര്‍ഡുകളില്‍ 117-ലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇവിടെ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടി.

2010-ല്‍ 33 മുന്‍സിപാലിറ്റികള്‍ മാത്രം ലഭിച്ച തൃണമൂല്‍ ഇത്തവണ നെടിയത് ഇരട്ടി വിജയം. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും തിരിച്ചടി തുടരുകയാണ്. മുപ്പത് വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എമിനു പലയിടങ്ങളിലും കെട്ടിവച്ച കാശു പോലും നഷ്ടമായി. ഇടതു മുന്നണി ആകെ അഞ്ചിടത്ത് ഒതുങ്ങി. കോണ്‍ഗ്രസും അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ബംഗാളില്‍ സി.പി.എമ്മിനു തിരിച്ചടി; തൃണമൂലിനു വന്‍ നേട്ടം

യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്ക പ്പെട്ടപ്പോള്‍ തിരിച്ചടി നേരിട്ടത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും കേരള ഘടകത്തിനുമാണ്. തങ്ങളുടെ താല്പര്യങ്ങള്‍ ക്കൊത്ത് നിലപാടെടുക്കുന്ന ഒരാള്‍ തന്നെയാകണം പ്രകാശിന്റെ പിന്‍‌ഗാമി എന്ന നിലയില്‍ കൂടെയായിരുന്നു എസ്. ആര്‍. പി. ക്ക് കേരള ഘടകം നല്‍കിയ പിന്തുണ. പ്രകാശ് കാരാട്ടിന്റെ എല്ലാവിധ അനുഗ്രഹാശിസുകളും എസ്. ആർ. പി. ക്ക് ഉണ്ടായിരുന്നു താനും.

തന്റെ നിലപാടുകളിലെ വീഴ്ചകളെയും, ആശയങ്ങളിലെ പോരായ്മകളേയും നിരന്തരം ചൂണ്ടിക്കാട്ടുന്ന യച്ചൂരിയെ തഴഞ്ഞ് അദ്ദേഹം എസ്. ആര്‍. പി. യുടെ പേര് നിര്‍ദ്ദേശിച്ചതില്‍ അല്‍ഭുതമില്ല. എന്നാല്‍ ബംഗാള്‍ ഘടകം ഉള്‍പ്പെടെ മറ്റു ഘടകങ്ങള്‍ യച്ചൂരിക്ക് അനുകൂലമായി നിലപാടുറപ്പിച്ചതോടെ പി. ബി. യില്‍ മുന്‍ തൂക്കം ഉണ്ടയിട്ടും എസ്. ആര്‍. പി. ക്ക് പിന്‍‌വാങ്ങേണ്ടി വന്നു.

യച്ചൂരിയുടെ കടന്നു വരവിനെ ചെറുക്കുവാനായി കാരാട്ട് പക്ഷം പല തന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒരു മത്സരത്തിലേക്ക് പോകുവാനും താന്‍ തയ്യാറാണെന്ന നിലപാട് അദ്ദേഹം എടുത്തതോടെ എസ്. ആര്‍. പി. പരാജയം മണത്തു. 91 അംഗ കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷവും തനിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം താന്‍ പിന്‍‌വാങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

സി. പി. എമ്മിന്റെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഘടകമാണ് കേരളത്തിലേത്. പി. ബി. അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണൻ, എ. കെ. പത്മനാഭന്‍, എം. എ. ബേബി എന്നീ നാല്‍‌വര്‍ സംഘത്തിന്റെ പിന്തുണ നേരത്തെ തന്നെ ഉണ്ടായിരുന്നു. എട്ടു പേര്‍ എസ്. ആര്‍. പി. ക്ക് അനുകൂലമായി നിന്നപ്പോള്‍ അഞ്ചു പേര്‍ മാത്രമാണ് യച്ചൂരിയെ അനുകൂലിച്ചത്. അനാരോഗ്യം മൂലം പി. ബി. യോഗത്തി നെത്താതിരുന്ന ബുദ്ധ ദേവ ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ യച്ചൂരിക്കുള്ള പിന്തുണ എഴുതി നല്‍കിയിരുന്നു.

സീതാറാം യച്ചൂരിക്ക് നേരത്തെ തന്നെ വി. എസ്. അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം അത് നേരിട്ട് യച്ചൂരിയോട് പറയുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. ഇത് കടുത്ത വി. എസ്. വിരുദ്ധ നിലപാടു വച്ചു പുലര്‍ത്തുന്ന എസ്. ആര്‍. പി. യെ ചൊടിപ്പിച്ചിരുന്നു. അത് അദ്ദേഹം മാധ്യമങ്ങളൊടെ പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം പതിവുകള്‍ പാര്‍ട്ടിയില്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കേരള ഘടകത്തിന്റെ വി. എസ്. വിരുദ്ധ നിലപാടുകള്‍ക്ക് അവൈലബിള്‍ പി. ബി. യില്‍ പലപ്പോഴും കരുത്ത് പകര്‍ന്നിരുന്ന ആളാണ് എസ്. ആര്‍. പി. എന്നാല്‍ യച്ചൂരിയാകട്ടെ ജനകീയ നേതാവായ വി. എസിനെ അനുകൂലിക്കുന്നയാളും. എസ്. ആര്‍. പി. ജനറല്‍ സെക്രട്ടറിയായാല്‍ വി. എസിനെ സംസ്ഥാന സമിതിയില്‍ നിന്നു പോലും ഒഴിവാക്കി സാധ്യമെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ക്ക് യച്ചൂരിയുടേ വിജയം നിരാശയാണ് ഉണ്ടാക്കിയത്.

കാരാട്ടിന്റെ നിലപാടുകളോട് ശക്തമായ വിയോജിപ്പുള്ളവരാണ് ബംഗാള്‍ ഘടകം. വി. എസ്. വിരുദ്ധ നിലപാടെടുക്കുന്ന കാരാട്ടാ‍കട്ടെ കേരള ഘടകത്തിന്റെ പ്രിയപ്പെട്ടവനും. പ്രകാശിന്റെ പിന്‍‌ഗാമിയായി അതേ പാതയില്‍ സഞ്ചരിക്കുന്ന എസ്. ആര്‍. പി. യെ അവരോധിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയ കേരള ഘടകത്തിനു ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യച്ചൂരി നടത്തിയ അപ്രതീക്ഷിതമായ നീക്കവും വിജയവും വലിയ തിരിച്ചടിയായി. വരാനിരിക്കുന്നത് ബംഗാള്‍ ഘടകത്തിന്റേയും കേരള ഘടകത്തിന്റേയും നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നാളുകള്‍ ആയേക്കും.

കേരള ഘടകത്തിലെ ഔദ്യോഗിക പക്ഷവുമായുള്ള വി. എസിന്റെ ഏറ്റുമുട്ടലുകള്‍ക്കും യച്ചൂരിയുടെ സെക്രട്ടറി സ്ഥാനം പുതിയ വഴിത്തിരിവ് ആയേക്കും. സമ്മേളന വേദിയില്‍ നിന്നും നേരത്തെ മടങ്ങിയ വി. എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ് തിരിച്ചെത്തിയിരുന്നു. യച്ചൂരിയൂടെ വരവ് പാര്‍ട്ടിക്കു മാറ്റത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും വി. എസ്. മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ വലിയ തിരിച്ചടികള്‍ നേരിടുന്ന വി. എസിനു വലിയ ആശ്വാസമാണ് യച്ചൂരിയുടെ വിജയം.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി

സി.പി.എമ്മിന്റെ നായകന്‍ യച്ചൂരി തന്നെ

April 19th, 2015

വിശാഖപട്ടണം: സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. യച്ചൂരിയുടെ പേരിനൊപ്പം എസ്.രാമചന്ദ്രന്‍ പിള്ളയുടേയും പേരു ഉയര്‍ന്നു വന്നതോടെയാണ് പാര്‍ട്ടി സെക്രട്ടറി ആരാകണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്ക് ഒടുവില്‍ ഉചിതമായ തീരുമാനത്തിലേക്ക് സി.പി.എം നേതൃത്വം എത്തിയത്. കേരള ഘടകം എസ്.രാമചന്ദ്രന്‍ പിള്ളയെ പ്രകാശ് കാരാട്ടും കേരളഘടകവും പിന്തുണച്ചുവെങ്കിലും കേന്ദ്രകമ്മറ്റിയോഗത്തില്‍ ഭൂരിപക്ഷം പേരും യച്ചൂരിയെ ആണ് അനുകൂലിച്ചത്. വി.എസ്.അച്ച്യുതാനന്ദന്‍ നേരത്തെ തന്നെ പരസ്യമായി യച്ചൂരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാത്രി നടന്ന നിര്‍ണ്ണായകമായ പി.ബിയോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പിയുടെ പേരു നിര്‍ദ്ദേശിച്ചുവെങ്കിലും അംഗങ്ങള്‍ക്കിടയില്‍ നിന്നും യച്ചൂരിക്ക് അനുകൂലമായ വാദം ഉയര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയും എന്ന് പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റിട്ടയര്‍മെന്റിനു മുമ്പായി പാര്‍ട്ടി സെക്രട്ടറിയാകുവാന്‍ അവസരം ലഭിക്കട്ടെ എന്ന നിലപാട് ഉയര്‍ന്നു. എന്നാല്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന നേതാവായ യച്ചൂരി രാമചന്ദ്രന്‍ പിള്ളയേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്നത് അദ്ദേഹത്തിനു ഗുണകരമായി.

യച്ചൂരിയും രാമചന്ദ്രന്‍ പിള്ളയും പിന്മാറാതെ വന്നതോടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കല്‍ മത്സരത്തിലേക്ക് നീങ്ങും എന്ന ഘട്ടം വന്നു. രാവിലത്തെ കേന്ദ്രകമ്മറ്റിയോഗത്തില്‍ തനിക്ക് പിന്തുണ കുറവാണെന്നും യച്ചൂരിക്ക് അനുകൂലമാണ് കാര്യങ്ങള്‍ എന്നും മനസ്സിലാക്കിയ എസ്.ആര്‍.പി പിന്മാറുകയായിരുന്നു. അതോടെ യച്ചൂരിയെ പുതിയ ജനറല്‍ സെക്രട്ടറിയായി ഏകകണ്ഠേന തിരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സി.പി.എമ്മിന്റെ നായകന്‍ യച്ചൂരി തന്നെ

Page 20 of 39« First...10...1819202122...30...Last »

« Previous Page« Previous « ഡോക്യുമെന്‍ററിക്ക് അംഗീകാരം
Next »Next Page » യച്ചൂരിയുടെ വിജയം; കാരാട്ടിനും കേരള ഘടകത്തിനും തിരിച്ചടി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha