തിരുവനന്തപുരം : ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിത ശൈലി രോഗ നിർണ്ണയ സ്‌ക്രീനിംഗിൻ്റെ രണ്ടാം ഘട്ടത്തിൽ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആദ്യ ഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിൽ അധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി രോഗ സാദ്ധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുത്തവരെ കൂടെ ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തിൽ പ്രമേഹം, കാൻസർ, ടി. ബി., രക്താതിമർദ്ദം, ശ്വാസ കോശ രോഗങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേൾവി പ്രശ്നം, വയോജന ആരോഗ്യം എന്നിവക്കും പ്രാധാന്യം നൽകുന്നു.
സ്‌ക്രീനിംഗിൽ രോഗ സാദ്ധ്യത ഉണ്ടെന്നു കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനക്കു വിധേയമാക്കി ചികിത്സ ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. P R D