അബുദാബി : പയസ്വിനി അബുദാബി യുടെ ബാലവേദി കൂട്ടായ്മ ‘കളിപ്പന്തല്‍’ ലോഗോ പ്രകാശനവും ഉദ്ഘാടനവും മജീഷ്യൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. കൊവിഡ് എന്ന മഹാമാരി നമ്മളെ വീടിന്ന് അകത്ത് തളച്ചിടുന്ന ഈ വേളയിൽ നാം നമ്മുടെ ഹൃദയ ബന്ധ ങ്ങൾ പങ്കു വെക്കുക. അതിനുള്ള വേദിയായി കളിപ്പന്തല്‍ മാറണം എന്ന് പ്രൊഫസര്‍ മുതുകാട് ഓൺ ലൈനിലൂടെ നിര്‍വ്വഹിച്ച ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്നേഹം പങ്കു വെക്കുവാനും അതിലൂടെ കളിക്കു വാനും ചിരിക്കു വാനും കുട്ടികൾക്ക് കളിപ്പന്തലിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കളിപ്പന്ത ലിന്റെ ലോഗോ പ്രകാശനം ഒരു മാജിക്കിലൂടെ അദ്ദേഹം നിര്‍വ്വഹിക്കുകയും ചെയ്തു.
ദേവിക രമേശിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ എഴുത്തുകാരിയും സംവിധായിക യുമായ ഷൈല തോമസ് ആശംസ അറിയിച്ചു. കളിപ്പന്തൽ പ്രസിഡണ്ട് ദേവജ് വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ആർട്സ് സെക്രട്ടറി അഞ്ജലി ബേത്തൂർ, സ്പോർട്സ് സെക്രട്ടറി നവനീത് രഞ്ജിത് എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.
പയസ്വിനി പ്രസിഡണ്ട് ടി. വി. സുരേഷ് കുമാർ, സെക്രട്ടറി വിശ്വംഭരൻ കാമലോൻ, രക്ഷാധികാരികളായ ജയകുമാർ പെരിയ, വേണു ഗോപാലൻ നമ്പ്യാർ, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, കളിപ്പന്തൽ ഭാരവാഹികളായ അഭിരാം രതീഷ്, നവനീത് കൃഷ്ണ, ശ്രീലക്ഷ്മി നവീൻ, നിവേദ് വാരിജാക്ഷൻ എന്നിവർ സംസാരിച്ചു.
കളിപ്പന്തൽ സെക്രട്ടറി ശ്രേയ ജിതേഷ് സ്വാഗതവും ട്രഷറർ ദേവർശ് രമേശ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ നടത്തിയ സുഗതാഞ്ജലി കവിതാ ആലാപന മൽസര ത്തിൽ വിജയികളായ അഞ്ജലി ബേത്തൂർ, അനന്യ സുനിൽ എന്നിവർ കവിതകള്‍ ആലപിച്ചു.