ചെന്നൈ : മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരൻപിന്’ റോട്ടർഡാം ചലച്ചിത്രോൽസവത്തിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി തമിഴ് ചലച്ചിത്ര താരം ശരത് കുമാർ. ഈ വർഷം തമിഴ് സിനിമക്ക് ലഭിക്കുന്ന ദേശീയ അവാർഡ് മമ്മൂട്ടിയിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
തമിഴിലെ മുൻനിര സംവിധായകനായ റാമാണ് സിനിമ ഒരുക്കിയത്. അഞ്ജലിയാണ് നായിക. തങ്ക മീൻകൾ എന്ന റാം ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന സാധന സർഗം ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. മലയാളം പതിപ്പിൽ സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കുന്നുണ്ട്.