
അബുദാബി : മൂന്നു മാസങ്ങളായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം അവസാനിച്ചു. കഠിന വെയിലും ഉയർന്ന താപനിലയും കാരണം ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിർബ്ബന്ധിത നിയമം വഴി ലക്ഷ്യം വെച്ചത്. ഈ മൂന്നു മാസത്തിനിടെ വിവിധ തൊഴിൽ ഇടങ്ങളിലായി 55,192 പരിശോധനകൾ നടത്തി. അതിൽ 99 ശതമാനം സ്ഥാപനങ്ങളും നിയമാനുസൃതമായി പ്രവർത്തിച്ചു എന്നും മന്ത്രാലയം അറിയിച്ചു.
കടുത്ത വേനല്‍ ദിനങ്ങളായ ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചക്ക് 12.30 മുതൽ മൂന്നു മണി വരെ ആയിരുന്നു ഉച്ച വിശ്രമ നിയമം. നിയമ ലംഘനം നടത്തുന്ന തൊഴില്‍ ഉടമകൾക്കും സ്ഥാപങ്ങൾക്കും അര ലക്ഷം ദിർഹം വരെ പിഴ ഈടാക്കും എന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://twitter.com/MOHRE_UAE/status/1570421563467436033
സ്വകാര്യ മേഖലയില്‍ ആശുപത്രികള്‍ അടക്കം നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികള്‍ക്കുള്ള ബോധവത്കരണ പ്രചാരണ ങ്ങളും മറ്റു പരിപാടികളും വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് തുടര്‍ച്ചയായി പതിനെട്ടാം വര്‍ഷമാണ് യു. എ. ഇ. മാനവ വിഭവ ശേഷി – സ്വദേശി വത്കരണ മന്ത്രാലയം ഈ നിര്‍ബ്ബന്ധിത നിയമം നടപ്പിലാക്കിയത്.


























