കോട്ടയം : തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 16-ാമത് ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും.
അദ്ദേഹത്തിൻ്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറു കഥാ സമാഹാരമാണ് അവാർഡിന് പരിഗണിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിൻ്റെ കഥകളാണ് ഇ. സന്തോഷ് കുമാറിൻ്റെ ‘നാരകങ്ങളുടെ ഉപമ’ യിൽ ഉള്ളത്.
മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിൻ്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണ ത്തിൽ ജീവിതം കൈ വിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചു മിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണ മികവു പുലർത്തി എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. കെ. ഹരി കുമാര്, കെ. സി. നാരായണൻ, പി. കെ. രാജ ശേഖരൻ, ഡോ. കെ. രാധാകൃഷ്ണ വാര്യർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ ദിനമായ 2024 ജനുവരി 21 ന് ജന്മ ദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. Image Credit : FB PAGE