ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.
ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.
നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച് നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.
വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.