അബുദാബി : വോളിബോളിലെ ഇതിഹാസ താരം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം അബുദാബി കേരള സോഷ്യൽ സെൻ്റർ ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മുൻ വോളിബോൾ താരവും എം. എൽ.എ. യുമായ മാണി സി. കാപ്പനു സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു. വോളി ബോളിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് സമ്മാനിക്കുന്നത്.
മാർച്ച് 27 മുതൽ 31 വരെ നടക്കുന്ന ഇരുപത്തി നാലാമത് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണമെൻ്റ് സമാപന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ജിമ്മി ജോർജ്ജിനു കൂടെ അബുദാബി ക്ലബ്ബിൽ വോളി ബോൾ കളിച്ചയാളാണ് മാണി സി. കാപ്പൻ.
വോളിബോൾ ഇതിഹാസം ജിമ്മി ജോർജ്ജിൻ്റെ സ്മരണാർത്ഥം 1988 മുതലാണ് അബുദാബി കേരള സോഷ്യൽ സെൻ്റർ ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചത്. ഓരോ വർഷം കഴിയുന്തോറും ഈ ടൂർണ്ണമെന്റിൻ്റെ പ്രശസ്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നും സംഘാടകർ പറഞ്ഞു.
ഇൻഡോ അറബ് ബന്ധത്തിൻ്റെ കൂടി അടയാളം ആയി മാറിയ ഈ മേളക്ക് യു. എ. ഇ. യിലെ വിവിധ മന്ത്രാലയ ങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നൽകി വരുന്നത്.
ദുബായ് ശൈഖ് റാഷിദ് വോളിബോൾ ടൂർണ്ണമെന്റ് കഴിഞ്ഞാൽ ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ടൂർണ്ണ മെന്റായി ജിമ്മി ജോർജ്ജ് സ്മാരക വോളിബോള്‍ ടൂർണ്ണമെന്റ് അറിയപ്പെടുന്നു എന്നും കെ. എസ്. സി. ഭാരവാഹികൾ പറഞ്ഞു.