അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ് പുനഃ സംഘടിപ്പിച്ചു കൊണ്ട് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കി. ഇതോടെ രാജ്യത്തെ അതിപ്രധാനമായ വിവിധ വകുപ്പുകള്‍ ഇനി ഒരു അഥോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കും.
ദി ഫെഡറൽ കസ്റ്റംസ് അഥോറിറ്റി, ജനറൽ അഥോറിറ്റി ഓഫ് പോർട്ട്സ്, ബോർഡേഴ്‌സ് ആൻഡ് ഫ്രീ സോൺസ് സെക്യൂരിറ്റി എന്നിവയാണ് ലയിപ്പിച്ചിരിക്കുന്നത്.
യു. എ. ഇ. യിലെ പൗരത്വം, താമസ വിസ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം എടുത്തു നടപ്പാക്കുന്ന അഥോറി റ്റിയാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി & സിറ്റിസൺഷിപ്പ്.
ഇതിലൂടെ കസ്റ്റംസ്, തുറമുഖ സുരക്ഷിതത്വ വകുപ്പുകള്‍ കൂടി ഒന്നിച്ചു ചേർത്തു കൊണ്ടാണ് ഇപ്പോള്‍ പുനഃ സംഘടിപ്പിച്ചത്.
യു. എ. ഇ. യിലെ പൗരത്വം, പാസ്സ് പോര്‍ട്ട്, താമസ രേഖ, തുറമുഖ വികസനം, രാജ്യത്തേക്കുള്ള പ്രവേശനം, അതിർത്തികൾ, ഫ്രീ സോൺ സുരക്ഷിതത്വം, ഫ്രീ സോൺ ലൈസൻസ്, നികുതി നിരക്കുകളുടെ ഏകീകരണം തുടങ്ങിയ ചുമതലകളും ഈ അഥോറിറ്റിക്ക് തന്നെ ആയിരിക്കും. നയ രൂപീകരണം തയ്യാറാക്കി നിയമങ്ങള്‍ നടപ്പാക്കുന്നതും ഈ പുതിയ അഥോറിറ്റിയുടെ കീഴില്‍ ആയിരിക്കും.
* W A M NEWS