റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

March 24th, 2015

കൊച്ചി: സേവന നികുതി ഇനത്തില്‍ വരുത്തിയ കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ സെന്‍‌ട്രല്‍ എക്സൈസ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. രാവിലെ കളമശ്ശേരിയിലെ ചാനല്‍ ആസ്ഥാനത്തെത്തിയാണ് നികേഷ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യത്തില്‍ ഇറങ്ങിയ നികേഷ് റിപ്പോര്‍ട്ടര്‍ ചാനലില്‍ രാത്രി എഡിറ്റേഴ്സ് അവര്‍ അവതരിപ്പിച്ചു.

2013 മാര്‍ച്ച് മുതല്‍ -2014 മാര്‍ച്ച് വരെ ഉള്ള കാലഘട്ടത്തില്‍ 2.20 കോടി രൂപയുടെ സേവന നികുതി നല്‍കുന്നതിലാണ്` ചാനല്‍ വീഴ്ച വരുത്തിയിട്ടുള്ളത്. ഇതില്‍ 1.71 കോടി രൂപ എറണാകുളം അഡീഷ്ണല്‍ ചീപ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) എ.എം ബഷീര്‍ മുമ്പാകെ അടച്ച് ബാക്കി തുകയില്‍ 19 ലക്ഷം ഈ മാസം തന്നെ അടച്ച് തീര്‍ക്കുമെന്നും ശേഷിക്കുന്ന തുക ജൂലൈ 30 നകം അടയ്ക്കുമെന്നും നികേഷ് കുമാര്‍ കോടതിയില്‍ സമ്മതിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

വിവിധ പരസ്യ ഏജന്‍സികളില്‍ നിന്നും പരസ്യ ദാതാക്കളില്‍ നിന്നും കൈപറ്റിയ സേവന നികുതിയില്‍ 2.20 കോടിരൂപ അടച്ചിരുന്നില്ല. ഈ കുടിശ്ശിക അടച്ചു തീര്‍ക്കുവാന്‍ പലതവണ സെന്‍‌ട്രല്‍ എകൈസ് വിഭാഗം നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് ചാനല്‍ മേധാവിയായ എം.വി.നികേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.

നികുതി കുടിശ്ശിക വരുത്തിയതിനു നികേഷ് കുമാറിനെ അറസ്റ്റു ചെയ്തതിനെ വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിനു കീഴിലെ സെന്‍‌ട്രല്‍ എക്സൈസ് വകുപ്പ് നടത്തുന്ന നീക്കം അതിരുവിട്ടതും മാധ്യമ സ്വാതന്ത്രത്തിനു നേരെ ഉള്ള കടന്നു കയറ്റവും ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി.നികേഷ് കുമാറിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു

വി. എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി

March 22nd, 2015

vs-achuthanandan-epathram

ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്ത് പാര്‍ട്ടി കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളി. വി. എസിന്റെ വിയോജന കുറിപ്പോടെയാണ് കത്ത് തള്ളിയത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പേടെ ഉള്ള വിഷയങ്ങള്‍ ആണ് കത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നത്. ഈ വിഷയങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പരാമര്‍ശം ഉള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംബന്ധിച്ച വി. എസിന്റെ പരാതി പി. ബി. കമ്മീഷനു കൈമാറുവാന്‍ തീരുമാനിച്ചു. വി. എസ്. കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ കത്ത് ചോര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതു വരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുവാന്‍ വി. എസിനോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും വി. എസ്. ഇറങ്ങിപ്പോയതില്‍ ശക്തമായ വിയോജിപ്പ് പാര്‍ട്ടി രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി. എസ്. വളരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജില്ലാ സമ്മേളനങ്ങളുമായി സഹകരിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ വി. എസ്. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതിനാലാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on വി. എസിന്റെ കത്ത് കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളി

ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

March 22nd, 2015

salimkumar-epathram

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി തന്നെ നിയമിച്ചതില്‍ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കിയ സിനിമാ പ്രവര്‍ത്തകരോട് തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് അറിയാമെന്നും, സമയമാകുമ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ. എസ്. എഫ്. ഡി. സി. യിലെ ക്രമക്കേടുകളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചുമതല ഏറ്റെടുത്താല്‍ ഉടനെ ഓഡിറ്റിംഗ് നടത്തുമെന്നും ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി. ഉണ്ണിത്താനെ ചെയര്‍മാനായി നിയമിച്ചതിനോട് വിയോജിച്ചു കൊണ്ട് ഷാജി കൈലാസ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു തുടങ്ങി സിനിമാ രംഗത്തു നിന്നും ഉള്ളവര്‍ രാജി വെക്കുമെന്ന് അറിയിച്ചിരുന്നു. സിനിമാ രംഗത്തെ വിവിധ സംഘടനാ നേതാക്കളും ഈ നിയമനത്തോട് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ് മോഹന്‍ ഉണ്ണിത്താനു പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു നടന്‍ കൂടെ ആണ്. ഉണ്ണിത്താന്റെ നിയമനത്തില്‍ എന്താണ് തെറ്റെന്നും ചോദിച്ച സലിം കുമാര്‍ സിനിമാക്കാരുടെ നിലപാട് സംശയാസ്പദമാണെന്നും അവര്‍ക്ക് പല ഉള്ളുകളികളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാബു ചെറിയാന്‍ ചെയര്‍മാന്‍ ആയിട്ട് പ്രയോജനം ഒന്നും ഇല്ലെന്നും സലിം കുമാര്‍ പറഞ്ഞു. സിനിമാ രംഗത്തു നിന്നുമുള്ള നടന്മാരും സംവിധായകരും ഉള്‍പ്പെടുന്നവര്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയമാനായുള്ള നിയമനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സലിം കുമാറിന്റെ പ്രസ്ഥാവന. സഹപ്രവര്‍ത്തകരെ തള്ളിക്കൊണ്ട് രാഷ്ടീയക്കാര്‍ക്ക് അനുകൂലമായ സലിം കുമാറിന്റെ നിലപാട് അവര്‍ക്കിടയിലെ ഭിന്നിപ്പ് മറ നീക്കി പുറത്ത് കൊണ്ടു വന്നിരിക്കുകയാണ്. അതേ സമയം സലിം കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് “അമ്മ“ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ഭീഷണി വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; പിന്തുണയുമായി സലിം കുമാര്‍

കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി

March 22nd, 2015

PC George-epathram

കോട്ടയം: കേരള കോണ്‍ഗ്രസ് നടുകടലില്‍ ആണെന്നും പാര്‍ട്ടിയെ തള്ളിവിട്ടവര്‍ ആരെല്ലാമെന്ന് ചെയര്‍മാന്‍ കെ. എം. മാണി വ്യക്തമാക്കണമെന്നും പാര്‍ട്ടി വൈസ് ചെയര്‍മാനും ചീഫ് വിപ്പുമായ പി. സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ ദുരാരോപണമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്ന് പറഞ്ഞ ജോര്‍ജ്ജ് ആരോപണം ഉയര്‍ന്നപ്പോള്‍ മാണി രാജി വെക്കണമായിരുന്നു എന്നും പറഞ്ഞു. അപ്പോള്‍ രാജി വെച്ചിരുന്നെങ്കില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജയകരമായി പുറത്തു വരാമായിരുന്നു. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളെ മണിയടിക്കുന്നവരുടെ കൈയ്യില്‍ അകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെന്നും മണിയടിക്കാരുടെ വാക്കുകളാണ് നേതാക്കള്‍ കേള്‍ക്കുന്നതെന്നും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദു:ഖിതരാണെന്നും പി. സി. ജോര്‍ജ്ജ് ആരോപിച്ചു.

പാര്‍ട്ടി നടുക്കടലില്‍ അല്ലെന്നും ഭൂമിയില്‍ ഉറച്ചാണ് നില്‍ക്കുന്നതെന്നും ജോര്‍ജ്ജ് ഉള്‍പ്പെട്ട പാര്‍ട്ടി യോഗമാണ് താന്‍ രാജി വെയ്ക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞ് ധന മന്ത്രി കെ. എം. മാണി പി. സി. ജോര്‍ജ്ജിന്റെ ആരോപണങ്ങളെ തള്ളി. ജോര്‍ജ്ജ് പറയുന്നത് പാര്‍ട്ടിയുടെ നയമല്ല, അത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ മാണി പക്ഷെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി. ബാര്‍ കോഴ വിഷയം പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ച ചെയ്യും എന്ന് അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വെക്കണമായിരുന്നു എന്ന പി. സി. ജോര്‍ജ്ജിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തള്ളിക്കളഞ്ഞു. ജോര്‍ജ്ജ് കൂടെ പങ്കെടുത്ത യു. ഡി. എഫ്. യോഗമാണ് മാണി രാജി വെക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ജോര്‍ജ്ജിന്റെ പ്രസ്ഥാവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ബാര്‍ കോഴ കേസില്‍ അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണത്തില്‍ ഇതു വരെ ലഭിച്ച മൊഴികള്‍ ഒന്നും മാണിക്ക് എതിരല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on കേരള കോണ്‍ഗ്രസ് നടുക്കടലില്‍ എന്ന് പി. സി. ജോര്‍ജ്ജ്; അല്ലെന്ന് മാണി

രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

March 21st, 2015

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.

ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

Page 10 of 41« First...89101112...203040...Last »

« Previous Page« Previous « “കള്ളന്‍ കോരയ്ക്ക്”സ്വീകരണം നല്‍കി ഡി.വൈ.എഫ്.ഐയുടെ പുതിയ പ്രതിഷേധം
Next »Next Page » പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് കാരാട്ട്; നിലപാടില്‍ ഉറച്ച് വി.എസ് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha