കിറ്റെക്സ് കേരളം വിടുന്നു

September 30th, 2012

കൊച്ചി : എമേര്‍ജിങ്ങ് കേരളയിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുവാനായി കോടികള്‍ ചിലവിടുമ്പോള്‍ അതേ യു. ഡി. എഫ്. സര്‍ക്കാറിന്റെ നടപടികളില്‍ മനം മടുത്ത് പ്രമുഖ ഗ്രാർമെന്റ് വ്യവസായ ഗ്രൂപ്പായ കിറ്റെക്സ് കേരളം വിടുന്നു. ബെന്നി ബെഹനാന്‍ എം. എല്‍. എ. യ്ക്കും യു. ഡി. എഫിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കിറ്റെക്സിന്റെ എം. ഡി. സാബു എം. ജേക്കബ് ഉന്നയിച്ചിരിക്കുന്നത്. 2001-ലെ യു. ഡി. എഫ്. സര്‍ക്കാര്‍ വന്നപ്പോഴും ഇപ്പോള്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴും കമ്പനിയുടെ ലൈസന്‍സ് പുതുക്കി നല്‍കുവാന്‍ വിസ്സമ്മതിച്ചത് ഉള്‍പ്പെടെ കമ്പനി നടത്തിക്കൊണ്ടു പോകുവാന്‍ നിരവധി തടസ്സങ്ങള്‍ നേരിടുന്നതായി അദ്ദേഹം മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. എല്‍. ഡി. എഫ്. സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. തന്റെ സ്ഥാപനം അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി കോമ്പൌണ്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കുവാനുള്ള അപേക്ഷ നല്‍കിയിട്ട് 11 മാസമായിട്ടും അനുമതി ലഭിച്ചില്ലെന്നും ഒരു ഗേറ്റ് സ്ഥാപിക്കുവാന്‍ ഉള്ള അനുമതിയ്ക്ക് പോലും ഇതാണ് അവസ്ഥയെങ്കില്‍ വലിയ പദ്ധതികള്‍ക്ക് എന്തായിരിക്കും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു.
കാലാകാലങ്ങളില്‍ വരുന്ന രാഷ്ടീയ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നടത്തി വ്യവസായം നടത്തിക്കൊണ്ടു പോകാന്‍ ആകില്ല. മറ്റു പലയിടങ്ങളിലും 30 ദിവസം കൊണ്ട് വ്യവസായം ആരംഭിക്കുവാനുള്ള സാഹചര്യമുണ്ട്. ഇവിടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാണ്. നിലവില്‍ 8000 ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് കിറ്റെക്സ്. അവരെ പെട്ടെന്ന് പറഞ്ഞു വിടാന്‍ പറ്റാത്തതു കൊണ്ടാണ് കമ്പനി പൂട്ടാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. കിറ്റെക്സ് ഗ്രൂപ്പിനെതിരെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വം കാലങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതായി ആരോപണമുണ്ട്.

കഴിഞ്ഞ വര്‍ഷം 550 കോടി രൂപയുടെ വിദേശ നാണ്യം നേടിത്തരികയും ഒപ്പം 21 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്ത സ്ഥാപനമാണ് കിറ്റെക്സ്. എന്നാല്‍ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിന്റേയും വിവിധ സര്‍ക്കാര്‍ സ്ഥാപങ്ങളുടേയും നിലപാടുകളും ഒപ്പം യു. ഡി. എഫിന്റെ പ്രതികൂല നിലപാടും മൂലം കിറ്റെക്സ് കേരളത്തില്‍ ഇനിയും നിക്ഷേപം തുടരുവാന്‍ താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി. 250 കോടി മുതല്‍ മുടക്കിക്കൊണ്ട് എറണാകുളത്ത് സ്ഥാപിക്കുവാന്‍ ഇരിക്കുന്ന അപ്പാരല്‍ പാര്‍ക്ക് പകുതി വഴിയില്‍ ഉപേക്ഷിച്ചു കൊണ്ട് ശ്രീലങ്കയിലേക്ക് മാറ്റി സ്ഥാപിക്കുവാനാണ് ആലോചന നടക്കുന്നത്. 4000 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള സ്ഥാപനം കേരളം വിടുന്നതായുള്ള വാര്‍ത്ത സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. മുന്‍ ധന മന്ത്രി തോമസ് ഐസക്ക്, ആര്‍. എസ്. പി. നേതാവ് എൻ. കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. കോടികള്‍ മുടക്കി പരസ്യം നല്‍കിക്കൊണ്ട് വ്യവസായികളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ കേരളം വ്യവസായികള്‍ക്കും വ്യവസായങ്ങള്‍ക്കും സുരക്ഷിതമല്ല എന്ന സന്ദേശമാണ് കിറ്റക്സ് കേരളം വിടുമ്പോള്‍ പരസ്യമാകുക. മലയാളിയായ സംരംഭകനു പോലും രക്ഷയില്ലാത്ത നാട്ടിലേക്ക് എങ്ങിനെയാണ് വിദേശ നിക്ഷേപകര്‍ വരിക എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വീ ഗാര്‍ഡ് എം. ഡി. ചിറ്റിലപ്പിള്ളിയും നേരത്തെ രംഗത്തെത്തിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കിറ്റെക്സ് കേരളം വിടുന്നു

തൃണമൂൽ കൈവിട്ടു

September 19th, 2012

mamata-banerjee-epathram

ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.

തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.

സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.

തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on തൃണമൂൽ കൈവിട്ടു

തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

September 16th, 2012

സോഹാര്‍: തൊഴില്‍ ഉടമയുടെ നിരന്തര പീഢനത്തിന് ഇരകളായ യുവ എഞ്ചിനീയര്‍മാര്‍ക്ക് മോചനം .സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സോഹറിലെ പ്രമുഖ ഇലക്ട്രിക്‌ കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വന്ന ചത്തീസ്ഗഢ് രക്പുര്‍ സ്വദേശികളായ ജുനൈദ് ഹുസൈൻ, മോഹമെദ്‌ അലി എന്നിവരാണ്‌ സാമൂഹ്യ പ്രവര്‍ത്തകനും സോഹാര്‍ കെ. എം. സി. സി. ഭാരവാഹിയുമായ കെ. യൂസുഫ് സലിമിന്റെ
ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.

കഴിഞ്ഞ ആറു മാസമായി ശമ്പളമോ ഭക്ഷണമോ ലഭ്യമാകാതെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ യൂസുഫ് സലിമുമായി ബന്ധപെടുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി തവണ കമ്പനി ഉടമയ്ക്ക് മന്ത്രാലയത്തില്‍ നിന്നും നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഇവർക്കെതിരെയുള്ള പീഡനം തുടരുകയും പോലീസില്‍ ഏല്പിക്കുമെന്നു ഉടമ ഭീഷണി പ്പെടുത്തുകയും കാമ്പില്‍ നിന്നും പുറത്തു പോകണമെന്നും അവശ്യപ്പെട്ടു. ഈ വിവരം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ രേഖകള്‍ സഹിതം ധരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമ നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ മന്ത്രാലയ മേധാവി അന്ത്യ ശാസനം നല്‍കുകയുമായിരുന്നു.

ആറു പേരടങ്ങുന്ന പാർട്‌ണർഷിപ്പ് കമ്പനിയിലെ മുഴുവന്‍ ഇടപാടുകളും തടഞ്ഞു വെയ്ക്കുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നുമുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ഉടമ തൊഴില്‍ മന്ത്രാലയത്തില്‍ എത്തി രമ്യതയ്ക്കു തയ്യാറാകുകയും ആയിരുന്നു. ഇത് പ്രകാരം ഇരുവർക്കുമുള്ള ആനുകൂല്യങ്ങളും വിമാന ടിക്കറ്റും കമ്പനി ഉടമ നല്കാന്‍ തയ്യാറായി. സോഹാര്‍ തൊഴില്‍ മന്ത്രാലയത്തിലെ അഹ്മദ് അൽ മാമരിയുടെ നേതൃത്വത്തിലാണ് പ്രശനം പരിഹരിച്ചത്. ഏറെ നാളായി ദുരിത ജീവിതം നയിക്കുന്ന ഇരുവരും അടുത്ത വെള്ളിയാഴ്ച്ച സ്വദേശത്തേക്ക് യാത്രയാകും.

(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

December 2nd, 2011

football-team-cleaning-stadium-epathram

ഇന്‍ഡോര്‍: മധ്യപ്രദേശ് സംസ്ഥാന ഫുട്‌ബോള്‍ ടീമിലെ ഏഴ് താരങ്ങള്‍ ബൂട്ട് വാങ്ങാന്‍ വേണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകുന്നു. ഇന്ത്യ വെസ്റ്റിന്റീസ് നാലാം ഏകദിനം നടക്കുന്ന ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം കഴുകുന്നത് മധ്യപ്രദേശ് ഫുട്‌ബോള്‍ താരങ്ങളാണ്. ഇവിടെ കസേരകള്‍ കഴുകിയാല്‍ ഒരു ലക്ഷത്തോളം രൂപ ലഭിക്കും. ലീഗ് കിരീടം ജയിച്ചാല്‍ വെറും 5,000 രൂപയാണ് ലഭിക്കുക. അതു കൊണ്ട് കീറിയ ബൂട്ടുകള്‍ നേരെയാക്കാന്‍ തികയില്ലെന്ന് താരങ്ങള്‍ പറയുന്നു.

ഞായറാഴ്ച ഇന്‍ഡോര്‍ ലീഗ് ചാമ്പ്യന്‍മാരായ ആനന്ദ് ഇലവന്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഇവര്‍. ഒരു സീറ്റ് കഴുകി വൃത്തിയാക്കിയാല്‍ 2.75 പൈസയാണ് ഇവര്‍ക്ക് കൂലിയായി ലഭിക്കുക. അങ്ങനെ മുപ്പതിനായിരത്തോളം സീറ്റുകള്‍ സ്റ്റേഡിയത്തില്‍ ഉണ്ട്. ലീഗില്‍ കളിച്ച് ജയിച്ച 15 താരങ്ങളാണ് ജോലിയ്‌ക്കെത്തിയത്. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന് മുമ്പ് സ്റ്റേഡിയം കഴുകി വൃത്തിയാക്കിയതും ഇവര്‍ തന്നെയാണ്. അതിനാല്‍ ഇവരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഈ ജോലി വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

‘ഈ പണം ഞങ്ങളുടെ കീറിയ ബൂട്ടുകള്‍ ഒഴിവാക്കി പുതിയതു വാങ്ങാന്‍ ഉപയോഗിക്കും’ ഫുട്‌ബോള്‍ ക്ലബിന്റെ കോച്ച് സഞ്ജയ് നിധാന്‍ പറഞ്ഞു. ക്രിക്കറ്റ്‌ താരങ്ങള്‍ കോടികള്‍ വാങ്ങുമ്പോളാണ് ഈ ഫുട്ബോള്‍ താരങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്.

-

വായിക്കുക: , , ,

Comments Off on ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി

Page 27 of 27« First...1020...2324252627

« Previous Page « ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ
Next » നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha