
അബുദാബി : ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്നും തുടങ്ങണം എന്നും ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യ പങ്കുണ്ട് എന്നും അബുദാബി പൊലീസിലെ ലഹരി നിർമ്മാർജ്ജന വിഭാഗം മേധാവി മേജർ യൂസഫ് അൽ ഹമ്മാദി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധ വൽക്കര സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയിൽ കാണുന്ന ലഹരിയുടെ അമിതോപയോഗം അത്യന്തം ആശങ്കാജനകം തന്നെയാണ്. അതി ശക്തമായ ബോധ വത്കരണവും ഇടപെടലുകളും നടത്തിയിട്ടില്ല എങ്കിൽ നശിക്കുന്നത് നാടിന്‍റെ ഭാവിയാണ്.
ലഹരിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളാണ് യു. എ. ഇ. സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് ഒന്നും വെച്ചു പൊറുപ്പിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യൽ മീഡിയകളിലെ കെണികളെ കുറിച്ച് ബോദ്ധ്യപ്പടുത്താനും പൊതു ജനങ്ങൾക്ക് അധികാരി കളുമായി ബന്ധപ്പെടുവാനും ‘അമാൻ’ എന്ന സംവിധാനവും 8002626 എന്ന ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതു ജനങ്ങളെ ബോധ വത്കരിക്കുന്ന ഇത്തരം പരിപാടികൾക്ക് അബുദാബി പോലീസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലുള്ള വിള്ളൽ ഇത്തരം അപകടങ്ങളിലേക്ക് നമ്മുടെ മക്കളെ കൊണ്ട് ചെന്നെത്തിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ബോധ പൂർവ്വമായ ഇടപെടൽ അനിവാര്യം ആണെന്നും രക്ഷിതാക്കൾക്ക് അക്കാര്യത്തിൽ വലിയൊരു ഉത്തരവാദിത്വം ഉണ്ട് എന്നും പ്രമുഖ ഫാമിലി കൗൺസിലറായ ഡോ. ജൗഹർ മുനവ്വിർ അഭിപ്രായപ്പെട്ടു.
ജീവിതം കേവലം അടിച്ചു പൊളിക്കാൻ ഉള്ളതല്ല എന്നും അതിനപ്പുറം മഹത്തായ ജീവിത ലക്ഷ്യം ഉണ്ട് എന്നും മക്കളെ ബോധ്യ പ്പെടുത്താൻ നമുക്ക് സാധിക്കണം. പണം ഉണ്ടാക്കാൻ എളുപ്പ വഴി തേടുന്ന കുട്ടികൾ എത്തിപ്പെടുന്നത് ലഹരി മാഫിയയുടെ കൈകളിലാണ്.
കുടുംബത്തിനകത്ത് മനസ്സമാധാനം ലഭിക്കാത്തവർ ഇത്തരം ലഹരികൾക്ക് അടിമകൾ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സംസ്കാര ത്തിന്‍റെ ഭാഗമായ സുഭദ്രമായ കുടുംബ സംവിധാനം തകർക്കാനുള്ള ലിബറലിസ ത്തിന്‍റെ ശ്രമം ലഹരി മാഫിയയെ സഹായിക്കാനാണ് എന്നും അദ്ദേഹം കുട്ടിച്ചേർത്തു.
കൃത്യമായ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കുന്നവർക്ക് മാത്രമാണ് ഇത്തരം തിന്മകളിൽ നിന്ന് മാറി നിൽക്കാനാവുക എന്നും ബോധ വത്കരണങ്ങൾക്ക് ഒപ്പം തന്നെ അടിസ്ഥാന വിഷയങ്ങളും പരിഹാരങ്ങളും ചർച്ചയാകേണ്ടതുണ്ട് എന്നും പ്രമുഖ പണ്ഡിതനും യു. എ. ഇ. വിസ്ഡം പ്രസിഡണ്ടുമായ ഹുസൈൻ സലഫി പറഞ്ഞു.
സൃഷ്ടാവിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവർക്ക് ഇരു ലോകത്തും സമാധാനം ലഭിക്കും എന്നും അത് കൊണ്ടു തന്നെയാണ് കുടുംബ ബന്ധം ശക്തമാക്കുന്ന കാര്യത്തിൽ ശക്തമായ നിർദ്ദേശങ്ങൾ ഇസ്ലാം നൽകിയത് എന്നും അദ്ദേഹം ചൂണ്ടി ക്കാണിച്ചു.
51 ആമത് യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ ആയിരത്തോളം രക്ഷിതാക്കൾ സംബന്ധിച്ചു.
വിസ്‌ഡം യു. എ. ഇ. ജനറൽ സെക്രട്ടറി ശംസുദ്ദീൻ അജ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഷീർ, സഈദ് ചാലിശ്ശേരി, ഇന്ത്യൻ ഇസ്ലാമിക്ക് സെൻ്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, അബുദാബി കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.