അബുദാബി : കഠിന വെയിലിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന തിനുള്ള ഉച്ച വിശ്രമ നിയമം ഈ മാസം 15 വരെ തുടരും എന്ന് അബുദാബി നഗര സഭ അറിയിച്ചു. ചൂടിന് ശമനം വന്നിട്ടുണ്ട് എങ്കിലും നിയമത്തിൽ വിട്ടു വീഴ്ച പാടില്ല. നിയമ ലംഘ കർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
സൂര്യ പ്രകാശം നേരിട്ട് ശരീരത്തിൽ ഏല്‍ക്കുന്നതു മൂലം സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാല്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12:30 മുതൽ 3 മണി വരെയാണ് വിശ്രമം നൽകേണ്ടത്.
ഉച്ച വിശ്രമ നിയമം ജൂൺ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ്. ജോലി സമയങ്ങളിലും ഇടവേളകളിലും തൊഴിലാളി കൾക്ക് കുടി വെള്ളം ലഭ്യമാക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ ബോദ്ധ്യ പ്പെടുത്തുവാന്‍ അബുദാബി നഗര സഭാ ഉദ്യോഗസ്ഥർ നടത്തി വരുന്ന ക്യാമ്പയിനിലാണ് അധികൃതര്‍ ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.