ദുബായ് : കൊവിഡ് പ്രതിരോധത്തിൽ ആഗോള തലത്തിൽ യു. എ. ഇ. ഒന്നാം റാങ്ക് നേടി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്സ് സെന്‍റർ തയ്യാറാക്കിയ ആഗോള ഇൻഡെക്സിലാണ് യു. എ. ഇ. ഒന്നാം സ്ഥാനത്ത് എത്തിയത്. കൊവിഡ് പരിശോധന, വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവയിലെ മുന്നേറ്റമാണ് യു. എ. ഇ. ക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തത്.
സൈപ്രസ്, ബഹ്റൈൻ, ഇസ്രായേൽ എന്നീ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തില്‍ യു. എ. ഇ. യുടെ തൊട്ടു പിന്നിൽ തന്നെ ഉണ്ട്. എന്നാല്‍ ഇന്ത്യ 38-ാം സ്ഥാനത്തു നില്‍ക്കുന്നു.
പാൻഡമിക് റിസൈലൻസ് ഇന്‍ഡക്സിൽ പത്തിൽ 9.5 യു. എ. ഇ. കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള സൈപ്രസ് 9.4 ഇൻഡക്സ് പോയന്‍റുകള്‍ നേടി. ബഹ്റൈൻ 6.6 ഇൻഡക്സ് പോയന്‍റുകളും ഇസ്രായേല്‍ 6.3 ഇൻഡക്സ് പോയന്‍റുകളും നേടി. 2021 മാർച്ചില്‍ ഇൻഡക്സിൽ യു. എ. ഇ. രണ്ടാം സ്ഥാനത്ത് ആയിരുന്നു.
എന്നാല്‍ നവംബറിൽ യു. എ. ഇ. ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി. കൃത്യമായ ഇടവേളയിലെ ബൂസ്റ്റര്‍ ഡോസ് വിതരണം രാജ്യത്തെ ഒന്നമത് എത്തിച്ചു എന്നാണ് വിലയിരുത്തല്‍.