
അബുദാബി : യു. എ. ഇ. തലത്തിൽ അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ നടക്കും എന്ന് സമാജം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മലയാളി സമാജത്തിൽ വെച്ച് യുവജനോൽസവത്തിൻ്റെ ഉദ്ഘാടനം നടക്കും.
മുന്നൂറിൽപ്പരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങള്‍ ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ മുസ്സഫയിലെ മലയാളി സമാജത്തിലും അവസാന ദിവസമായ മെയ് 18 ഞായറാഴ്ച നടക്കുന്ന മത്സരങ്ങള്‍ അബുദാബി കേരള സോഷ്യല്‍ സെന്ററിലും ആയിരിക്കും.
നാട്ടിൽ നിന്നും എത്തുന്ന പ്രമുഖ കലാകാരന്മാരും യു. എ. ഇ. യിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരും വിധി കർത്താക്കൾ ആയിരിക്കും. സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി ടി. വി. സുരേഷ് കുമാര്‍, മറ്റു ഭാരവാഹികളായ യാസിര്‍ അറാഫത്ത്, ഷാജഹാന്‍ ഹൈദരലി, ജാസിര്‍, എം. എം. അന്‍സാര്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 























 
  
 
 
  
  
  
  
 