കോട്ടയം : പ്രശസ്ത നടന്‍ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നാലു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
കോട്ടയം കുമരനെല്ലൂര്‍ സ്വദേശിയായ പ്രദീപ് പത്താം വയസ്സിൽ എൻ. എൻ. പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ വേഷമിട്ടു കൊണ്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നാടകങ്ങളില്‍ സജീവമായി.
‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തും ഐ. വി. ശശിയുടെ ‘ഈ നാട് ഇന്നലെ വരെ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും എത്തി.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച പ്രദീപിനെ തേടി ഹിന്ദി സിനിമയിൽ നിന്നും അവസരം എത്തിയിരുന്നു. ഗൗതം മേനോന്‍റെ വിണ്ണൈ താണ്ടി വരുവായാ യുടെ എല്ലാ ഭാഷ കളിലേയും റീമേക്കുകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. എല്‍. ഐ. സി. ജീവനക്കാരനാണ്.